ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് 213 കോടി രൂപ പിഴയിട്ട് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ. മെറ്റയുടെ ഉപസ്ഥാപനമായ വാട്‌സാപ്പ് 2021 ല്‍ കൊണ്ടുവന്ന സ്വകാര്യത നയവുമായി ബന്ധപ്പെട്ടാണ് പിഴ ഈടാക്കിയത്. തിരുത്തല്‍ നടപടികളും സി.സി.ഐ നിര്‍ദേശിച്ചു.
ഇന്ത്യയിലെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ മെറ്റയുടെ ഉപ കമ്പനികളായ ഫേയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുമായി പങ്കുവയ്ക്കുന്നതിനായി 2021 ല്‍ സ്വകാര്യത നയം വാട്‌സാപ്പ് പുതുക്കിയിരുന്നു. ഈ നയം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പ് സേവനം ലഭ്യമാക്കില്ലെന്നും നിലപാടെടുത്തു. ഇതിനെതിരെയാണ് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ 213.14 കോടി രൂപ പിഴയിട്ടത്.
കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പുതുക്കിയ സ്വകാര്യത നയം നടപ്പാക്കുന്നത് വാട്‌സാപ്പ് താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. എങ്കിലും കോംപറ്റീഷന്‍ ആക്റ്റിന് വിരുദ്ധമാണ് വാട്‌സാപ്പ് നടപടിയെന്ന് വിലയിരുത്തിയാണ് കമ്മിഷന്‍റെ തീരുമാനം. 2029 വരെ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ മെറ്റയുടെ മറ്റ് സ്ഥാപനങ്ങളുമായി പങ്കുവയ്ക്കരുത്. പരസ്യ ഇതര ആവശ്യങ്ങള്‍ക്കായി വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ടെങ്കില്‍ അത് എന്തിനെല്ലാം എന്ന് വ്യക്തമാക്കി വിശദീകരണം നല്‍കണം. 2021 ലെ സ്വകാര്യതാ നയം അംഗീകരിച്ചവര്‍ക്ക് അത് ഒഴിവാക്കാന്‍ അവസരം നല്‍കണമെന്നും കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ നിര്‍ദേശിച്ചു.