താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി തെന്നിന്ത്യന്‍ സൂപ്പര്‍താരം കീര്‍ത്തി സുരേഷ്. പതിനഞ്ച് വര്‍ഷമായി താന്‍ ആന്‍റണിയുമായി പ്രണയത്തിലാണെന്നും മുന്നോട്ട് പോകുന്നുവെന്നും താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം കുറിച്ചു. '15 വര്‍ഷം, ഇനിയും മുന്നോട്ട്.. ആന്‍റണി X കീര്‍ത്തി.. എന്നായിരുന്നു ഇന്‍ഫിനിറ്റി, ഡെവിള്‍ഐ ചിഹ്നങ്ങളോടെ താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ചുവപ്പ് ടോപ്പില്‍ കീര്‍ത്തിയും ചാരനിറത്തിലെ ബനിയന്‍ അണിഞ്ഞ ആന്‍റണിയെയും ചിത്രത്തില്‍ കാണാം.
ബാല്യകാല സുഹൃത്തായ ആന്‍റണി തട്ടിലുമായി കീര്‍ത്തിയുടെ വിവാഹമാണെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വാര്‍ത്തകളെ കുറിച്ച് കീര്‍ത്തിയോ കുടുംബാംഗങ്ങളോ പ്രതികരിച്ചിരുന്നില്ല. താന്‍ പ്രണയത്തിലാണെന്ന് കീര്‍ത്തി മുന്‍പും സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ ആരെയാണ് പ്രണയിക്കുന്നതെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ അടുത്തമാസം ഗോവയില്‍ വച്ചാകും കീര്‍ത്തിയുടെ വിവാഹം. കൊച്ചിയിലെ പഠനകാലത്ത് പൂവിട്ട പ്രണയമാണ് സഫലമാകുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള റിസോർട്ട് ശൃംഖലയുടെ ഉടമയാണ് ബി.ടെക് ബിരുദധാരിയായ ആന്റണി.
കീര്‍ത്തിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ബേബി ജോണിലെ പാട്ടുകള്‍ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. മോഹന്‍ലാലിനൊപ്പം ഗീതാഞ്ജലി എന്ന സിനിമയിലാണ് കീര്‍ത്തി ആദ്യമായി അഭിനയിച്ചത്. വളരെ പെട്ടെന്നാണ് കീര്‍ത്തി തെന്നിന്ത്യയിലെ തിരക്കേറിയ നടിയായി മാറിയത്. മഹാനടിയെന്ന തെലുങ്ക് ചിത്രം കീര്‍ത്തിയുടെ കരിയറില്‍ തന്നെ വന്‍ വഴിത്തിരിവായി. ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രം കീര്‍ത്തിയെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിനും അര്‍ഹയാക്കിയിരുന്നു. ചലച്ചിത്ര നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും ഇളയ മകളാണ് കീർത്തി.