nayantara-dhanush

‘നാനും റൗഡി താന്‍’ സിനിമയുടെ പിന്നാമ്പുറ ദൃശ്യങ്ങള്‍ നയന്‍താരയെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയില്‍ ഉപയോഗിച്ചതിനെതിരെ നിര്‍മാതാവ് ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍. നയന്‍താര, ഭര്‍ത്താവും സംവിധാകനുമായ വിഘ്നേഷ് ശിവന്‍, നയന്‍താരയുടെ ഉടമസ്ഥതയിലുള്ള റൗഡി  പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി. നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യയിലെ പ്രതിനിധികളായ ലോസ് ഗറ്റോസ് പ്രൊഡക്ഷന്‍ സര്‍വീസസിനെക്കൂടി കേസില്‍ കക്ഷിയാക്കാന്‍ അനുവദിക്കണമെന്ന ധനുഷിന്‍റെ ആവശ്യം ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദൂസ് അംഗീകരിച്ചു. നയന്‍താരയുടെയും നെറ്റ്ഫ്ലിക്സിന്‍റെയും അഭിഭാഷകരുടെ എതിര്‍പ്പ് തള്ളി കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. നയന്‍താര ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികളോട് മറുപടി നല്‍കാന്‍ നിര്‍ദേശിച്ചു.

nayantara-docu

നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയ്ല്‍ എന്ന നെറ്റ്ഫ്ലിക് ഡോക്യുമെന്‍ററിയുടെ ട്രെയിലര്‍

നവംബര്‍ 18നാണ് നെറ്റ്ഫ്ലിക്സ് നയന്‍താരയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി റിലീസ് ചെയ്തത്. ധനുഷ് നിര്‍മിച്ച്, വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുകയും നയന്‍താര മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിന്‍റെ പിന്നാമ്പുറ ദൃശ്യങ്ങള്‍ ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് ഉപയോഗിക്കാന്‍ ധനുഷിന്‍റെ അനുമതി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് നയന്‍താര ചിത്രീകരണസമയത്ത് സ്വന്തം മൊബൈലില്‍ പകര്‍ത്തിയ വിഡിയോയാണ് ഡോക്യുമെന്‍ററിയില്‍ ചേര്‍ത്തത്. 3 സെക്കന്‍ഡ് വിഡിയോ ഉപയോഗിച്ചതിന്‍റെ പേരില്‍ ധനുഷ് നയന്‍താരയ്ക്ക് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസ് നല്‍കിയത്.

naanum-rowdy

നാനും റൗഡി താന്‍ സിനിമയുടെ ചിത്രീകരണവേളയില്‍ ധനുഷ് (മധ്യത്തില്‍) നയന്‍താരയ്ക്കും വിഘ്നേഷ് ശിവനുമൊപ്പം

2014ല്‍ നയന്‍താരയെ നായികയാക്കി ധനുഷ് നിര്‍മിച്ച ചിത്രമാണ് നാനും റൗഡി താന്‍’. നയന്‍താരയുടെ ജീവിതപങ്കാളി വിഘ്നേഷ് ശിവന്‍ ആയിരുന്നു സിനിമയുടെ സംവിധായകന്‍. താനും വിഘ്നേഷും ഇഷ്ടപ്പെടുന്നതും പ്രണയത്തിലായതും ഈ സിനിമയുടെ സെറ്റില്‍വച്ചാണെന്ന് നയന്‍താര പിന്നീട് പറഞ്ഞിട്ടുണ്ട്. ഈ അനുഭവങ്ങള്‍ ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്താനാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്.

nayantara-dhanush-vikky

സംവിധായകന്‍ നായികയോട് അടുപ്പം സ്ഥാപിച്ചത് നിര്‍മാതാവെന്ന നിലയില്‍ ധനുഷിനെ കാര്യമായി അലോസരപ്പെടുത്തിയിരുന്നുവെന്നാണ് കഥ. ഇതുകാരണം ചിത്രീകരണത്തിന്‍റെ ഒഴുക്ക് നഷ്ടപ്പെടുകയും പ്രൊഡക്ഷന്‍ വൈകിയത് കാരണം 12 കോടി രൂപ അധികച്ചെലവ് വരികയും ചെയ്തുവെന്ന് ധനുഷ് പറയുന്നു. ഇതേച്ചൊല്ലി പലതവണ തര്‍ക്കങ്ങളും ഉണ്ടായി. ഒരുഘട്ടത്തില്‍ ചിത്രം തന്നെ ഉപേക്ഷിക്കാന്‍ ധനുഷ് ആലോചിച്ചിരുന്നു. അവസാനഘട്ടത്തില്‍ ധനുഷ് വേണ്ടത്ര പണം നല്‍കാത്തതിനാല്‍ നയന്‍താര വിഘ്നേഷിനുവേണ്ടി സ്വന്തം പണം മുടക്കിയാണ് സിനിമ പൂര്‍ത്തിയാക്കിയതെന്ന് സിനിമാ നിരീക്ഷകന്‍ രമേഷ് ബാല വെളിപ്പെടുത്തിയിരുന്നു.

ENGLISH SUMMARY:

Actor-producer Dhanush has filed a petition in the Madras High Court against Nayanthara and her production company, Rowdy Pictures Private Limited, over the unauthorized use of behind-the-scenes footage from the film Naanum Rowdy Thaan in a Netflix documentary on Nayanthara. Dhanush sought permission to include Los Gatos Production Services, Netflix's representatives in India, as a party in the case, which Justice Abdul Quddhose allowed despite objections from Nayanthara's and Netflix's lawyers. The documentary, released on November 18, features a three-second video clip recorded by Nayanthara during filming, without Dhanush's consent. Dhanush had earlier sent a legal notice demanding ₹10 crore in damages before proceeding with the court case.