എ.ആര്‍ റഹ്മാന്‍റെ വിവാഹ മോചന വാര്‍ത്തയുണ്ടാക്കിയ ഷോക്കില്‍ നിന്ന് ആരാധകരും അടുപ്പമുള്ളവരും ഇനിയും മോചിതരായിട്ടില്ല. ഏറ്റവും മനോഹരമായ കുടുംബജീവിതത്തിന് ഉദാഹരണമായി പലരും കണ്ടിരുന്നതാണ് റഹ്മാന്‍റെയും സൈറയുടെയും ദാമ്പത്യം. സോഷ്യല്‍ മീഡിയ പോസ്റ്റുകളായും പ്രതികരണങ്ങളായും വിവാഹമോചന വാര്‍ത്ത കെട്ടടങ്ങാതെ നില്‍ക്കുമ്പോള്‍ പലരും ഓര്‍ത്തു പോകുന്നത് ഏറെ ആദരവോടെ ആഘോഷിക്കപ്പെട്ട അവരുടെ ജീവിതമാണ്.

'നമ്മളൊന്നിച്ച് ഒരു ഡിന്നര്‍ പ്ലാന്‍ ചെയ്തെന്നു കരുതുക. പെട്ടെന്നൊരു പാട്ട് മനസ്സിലേക്ക് വരുന്നുവെങ്കില്‍ പാട്ടിനായിരിക്കും ഒന്നാം സ്ഥാനം. ഡിന്നര്‍ ഞാനുപേക്ഷിക്കും' വിവാഹത്തിന് മുന്‍പ് സൈറയോട് സംസാരിച്ചപ്പോള്‍ റഹ്മാന്‍ പറഞ്ഞു. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നുള്ളവരും വേറിട്ട അഭിരുചികളുള്ളവരുമായ രണ്ടുപേരുടെ സ്വരച്ചേര്‍ച്ചയുള്ള ജീവിതം. അതായിരുന്നു റഹ്മാനും സൈറയും നയിച്ചിരുന്നത്.

ഒമ്പതാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ട്, കടുത്ത ദുരിതങ്ങളെ അതിജീവിച്ച് ,കഠിനാധ്വാനത്തിലൂടെ അതിപ്രശസ്തിയിലേക്ക് വളര്‍ന്ന റഹ്മാന് സംഗീതം കഴിഞ്ഞേ മറ്റെന്തുമുള്ളു. സൈറ ബാനു വടക്കേ ഇന്ത്യയില്‍ നിന്ന് ചെന്നൈയിലെത്തിയ കുടുംബത്തിലെയംഗമാണ്. തമിഴല്ല, കച്ചാണ് മാതൃഭാഷ. പരസ്പരമുള്ള വ്യത്യാസങ്ങള്‍ അംഗീകരിച്ചും വ്യക്തമായ ധാരണകളുണ്ടാക്കിയുമാണ് ഇരുവരും ജീവിതം തുടങ്ങിയത്. ലോകത്തെവിടെ പോയാലും എല്ലാ ദിവസവും നിങ്ങളുടെ ശബ്ദം എനിക്കു കേള്‍ക്കണമെന്ന സൈറയുടെ ആവശ്യം റഹ്മാന്‍ അംഗീകരിച്ചത് അതിലൊന്നായിരുന്നു. 2010 ലെ പെരുന്നാള്‍ ദിനത്തില്‍ സൈറക്ക് റഹ്മാന്‍റെ ശബ്ദം കേള്‍ക്കാന്‍ തോന്നി. അമേരിക്കയിലേക്കുള്ള വിമാനത്തിലായിരുന്നു റഹ്മാന്‍ അന്ന്. തന്‍റെ ആവശ്യം സൈറ ട്രാവല്‍ ഏജന്‍റിനെ അറിയിച്ചു. അപ്പോഴേക്കും ദുബൈയില്‍ നിന്ന് റഹ്മാനുമായി വിമാനം പുറപ്പെട്ടിരുന്നു. ദുബൈ എയര്‍പോര്‍ട്ടിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വഴി വിമാനത്തിലെ പൈലറ്റിനെ ബന്ധപ്പെട്ടു. റഹ്മാനെ ഉറക്കത്തില്‍ നിന്ന് എയര്‍ഹോസ്റ്റസ് വിളിച്ചുണര്‍ത്തി ഭാര്യ വിളിക്കുന്ന കാര്യം അറിയിച്ചു.

ലോകത്തെവിടെ പോയാലും എല്ലാ ദിവസവും നിങ്ങളുടെ ശബ്ദം എനിക്കു കേള്‍ക്കണം

റഹ്മാന്‍റെ മാതാവ് കരീമ ബീഗമാണ് സൈറയെ വധുവായി കണ്ടെത്തിയത്. എന്നാല്‍ കരീമ ആദ്യം റഹ്മാനായി ആലോചിച്ചത് സൈറയെ ആയിരുന്നില്ല. അനിയത്തി സൈദയെയായിരുന്നു. ചെന്നൈയിലെ ദര്‍ഗയില്‍ പ്രാര്‍ഥിച്ചു നിന്ന സൈദയെ കണ്ടിഷ്ടപ്പെട്ട് മകനായി പെണ്ണു ചോദിച്ച് കരീമ വീട്ടില്‍ ചെന്നു. മൂന്നു പെണ്‍മക്കളില്‍ ഏറ്റവും ഇളയവളാണ് സൈദയെന്നും മൂത്തവളായ സൈറയുടെ വിവാഹം ആദ്യം നടത്തണമെന്നാണ് ആഗ്രഹമെന്നും പിതാവ് പറ‍ഞ്ഞു. കരീന സമ്മതിച്ചു. അങ്ങനെയാണ് റഹ്മാന്‍– സൈറ വിവാഹത്തിന് വഴിയൊരുങ്ങിയത്. 1995 ലായിരുന്നു വിവാഹം (രണ്ടാമത്തെ മകളായ മെഹ്റുനിസയെ വിവാഹം ചെയ്തത് നടന്‍ റഹ്മാന്‍.)

'നിങ്ങളുടെ പകല്‍ എനിക്ക് രാത്രിയും നിങ്ങളുടെ രാത്രി എനിക്ക് പകലുമായിരിക്കു'മെന്ന് രാത്രി ജോലി ചെയ്യാനിഷ്ടപ്പെടുന്ന റഹ്മാന്‍ ആദ്യമേ പറഞ്ഞിരുന്നു. സ്റ്റുഡിയോയിലിരുന്നാല്‍ സമയം പോകുന്നത് ശ്രദ്ധിക്കാത്ത റഹ്മാനെ പൂര്‍ണ അര്‍ഥത്തില്‍ മനസ്സിലാക്കിയായിരുന്നു സൈറയുടെ ജീവിതം.  രാത്രി  ചെന്നൈയിലൂടെ ബൈക്കില്‍ കറങ്ങാന്‍ കൊണ്ടുപോകണമെന്ന് സൈറ പറഞ്ഞപ്പോള്‍ റഹ്മാന്‍ തയാറായത് ഒരു ടെലിവിഷന്‍ ഷോയില്‍ പറഞ്ഞ് സൈറ ചിരിയുയര്‍ത്തിയിരുന്നു. റഹ്മാന്‍റെ സാമ്പത്തിക കാര്യങ്ങള്‍ മുതല്‍ വസ്ത്രങ്ങളുടെ ഡിസൈന്‍ വരെ കൈകാര്യം ചെയ്യുന്ന ആളായി സൈറ മാറി. 2009 ല്‍ ഓസ്കര്‍ വേദിയിലിട്ട വസ്ത്രം സൈറയും പ്രശസ്ത ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയും ചേര്‍ന്നാണ് ഒരുക്കിയത്. ജോലിക്കാര്യങ്ങള്‍ വീട്ടില്‍ പറയില്ല എന്ന ധാരണ ഇരുവരും പാലിച്ചു. കുട്ടികളുടെ കാര്യങ്ങളും പുതുതായി റഹ്മാന്‍ മനസ്സിലാക്കുന്ന വിഷയങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളുമായിരുന്നു വര്‍ത്തമാനങ്ങളില്‍ നിറഞ്ഞത്.

'ദൈവത്താല്‍ അനുഗ്രഹീതനായ മനുഷ്യന്‍' എന്നാണ് റഹ്മാനെക്കുറിച്ച് എന്നും സൈറ പറഞ്ഞിരുന്നത്. എല്ലാത്തരം സംഗീതത്തെയും ഇഷ്ടപ്പെടുന്ന റഹ്മാന്‍റെ ഭാര്യക്ക് പക്ഷേ കര്‍ണാടിക് സംഗീതം അത്രയിഷ്ടമല്ല. പാശ്ചാത്യമാണ് പ്രിയം. ആ ഇഷ്ടത്തിനൊത്ത് റഹ്മാന്‍ സംഗീതം ചെയ്ത പാട്ടുകളിലൊന്നാണ് 'ഇന്‍ഫിനിറ്റ് ലൗ'. മകന്‍ അമീനോട് നിനക്കെന്നോട് എത്രയിഷ്ടമുണ്ടെന്ന് സൈറ ചോദിച്ചപ്പോള്‍ ഇന്‍ഫിനിറ്റി (അനന്തം) എന്ന് പറഞ്ഞ മറുപടിയായിരുന്നു ആ ഗാനമുണ്ടാക്കാന്‍ റഹ്മാന് പ്രചോദനം. മുന്‍പ്, സൈറയുടെ അമ്മ മരണക്കിടക്കയിലായിരുന്ന സമയം റഹ്മാന്‍ സൈറയെ ആശ്വസിപ്പിക്കാന്‍ അടുത്തിരുന്നു പാടി. ' ആജ് ജാനേ കീസി ദ് നാ കരോ' (ഈ നേരത്ത് പോകാന്‍ തിടുക്കമരുതേ.) പാക്ക് സംഗീതജ്ഞ ഫരീദ ഖാനം പാടി അനശ്വരമാക്കിയ ഗാനം തന്‍റേതല്ലാത്ത പാട്ടുകളില്‍ റഹ്മാന് ഏറെ പ്രിയപ്പെട്ടതായിരുന്നു.

റഹ്മാന്‍റെ ഔദ്യോഗിക ജീവചരിത്രം 'നോട്ട്സ് ഓഫ് എ ഡ്രീ'മിനായി  ക്രിഷ്ണ ത്രിലോകിന് നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ ഇങ്ങനെ പറയുന്നു '  വിവാഹം വിജയകരമാക്കാന്‍ നമ്മള്‍ ശ്രമിക്കണം. വിവാഹ മോചനം കുഴപ്പം പിടിച്ചതാണ്. കുട്ടികളോട് ചെയ്യുന്ന അനീതിയുമാണത്. ' ഇണങ്ങാനല്ലാതെ പിരിയാനും പിണങ്ങാനും ഇഷ്ടമല്ലാത്തയാളായി റഹ്മാനെ കാണുന്നവര്‍ക്ക് അതുകൊണ്ടു തന്നെ ഈ വേര്‍പിരിയല്‍ ഷോക്കാവുന്നു.

ENGLISH SUMMARY:

Divorce is difficult and unjust to children, says music maestro A.R. Rahman in his autobiography Notes of a Dream. What happened between Saira Banu and Rahman? What went wrong? His fans and friends still cannot digest the news that they are separating.