നാഗചൈതന്യ ശോഭിത താരവിവാഹത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്‌സ്. 50കോടി രൂപക്കാണ് താരവിവാഹം ചിത്രീകരിക്കാനും സംപ്രേഷണം ചെയ്യാനുമുള്ള അവകാശം നെറ്റ്‌ഫ്ലിക്‌സ് നേടിയതെന്നാണ് പുറത്തുവരുന്ന വിവരം. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോസില്‍ ഡിസംബര്‍ നാലിനാണ് ഇരുവരുടെയും വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം സ്ട്രീമിങ് അവകാശത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നാഗചൈതന്യയോ ശോഭിതയോ സ്ഥിരീകരിച്ചിട്ടില്ല. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ എക്സില്‍ പങ്കുവച്ച പോസ്റ്റിലാണ് താരവിവാഹത്തെക്കുറിച്ചുള്ള സ്ട്രീമിങ് അവകാശത്തെക്കുറിച്ചു പറയുന്നത്. മുത്തശ്ശന്‍ അക്കിനേനി നാഗേശ്വര റാവുവിന്റെ അനുഗ്രഹത്തോടെ, അദ്ദേഹത്തിന്റെ ശില്‍പം സ്ഥാപിച്ച അന്നപൂര്‍ണ സ്റ്റുഡിയോയില്‍വച്ചാണ് വിവാഹമെന്ന് കഴിഞ്ഞ ദിവസം നാഗചൈതന്യ വ്യക്തമാക്കിയിരുന്നു. ഏറെ സന്തോഷത്തോടെയും ആകാംക്ഷയോടെയുമാണ് ഈ ചടങ്ങിനെ നോക്കിക്കാണുന്നതെന്നും കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് അന്നപൂര്‍ണയില്‍ വിവാഹച്ചടങ്ങുകള്‍ നടത്തുന്നതെന്നും താരം പറഞ്ഞു.
പരമ്പരാഗതമായ ആചാരപ്രകാരമായിരിക്കും വിവാഹച്ചടങ്ങുകള്‍ നടത്തുക. ആഢംബരങ്ങളെല്ലാം ഉപേക്ഷിച്ച് പ്രാദേശിക പ്രാധാന്യമുള്ള വസ്ത്രങ്ങളും രീതികളുമാണ് നാഗചൈതന്യയും ശോഭിതയും തങ്ങളുടെ വിവാഹച്ചടങ്ങിനായി കരുതിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നയന്‍താര വിഘ്നേഷ് വിവാഹചിത്രീകരണത്തിനുള്ള അവകാശവും നെറ്റ് ഫ്ളിക്സാണ് നേടിയത് . ‘നാനും റൗഡി താന്‍’ സിനിമയുടെ പിന്നാമ്പുറ ദൃശ്യങ്ങള്‍ നയന്‍താരയെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയില്‍ ഉപയോഗിച്ചതിനെതിരെ ചിത്രത്തിന്‍റെ നിര്‍മാതാവും നടനുമായ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.