ഡിസംബര്‍ അഞ്ചിനായുള്ള കാത്തിരിപ്പിലാണ് അല്ലു അര്ജുന് ആരാധകര്‍. പുഷ്പ 2, ദ റൂള്‍ അന്നാണ് തിയറ്ററുകളെ ഇളക്കിമറിക്കാനായെത്തുന്നത്. വ്യത്യസ്ത ഭാഷകളിലെത്തുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പരകോടിയിലാണ്. ഇതിനിടെയാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. മൂന്ന് മണിക്കൂര്‍ 21 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. അല്ലു അര്‍ജുനും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുകുമാര്‍ ആണ്.
ദൈര്‍ഘ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സത്യമെങ്കില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്ത്യന്‍ സിനിമയുടെ നായകനായി അല്ലു അര്ജുന് മാറും. മൂന്നുവര്‍ഷം നീണ്ട ഷൂട്ടിങ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് പുഷ്പ 2 തിയറ്ററുകളിലെത്തുന്നത്. പുഷ്പ വണ്‍ വലിയ വിജയമായതോടെ രണ്ടാം ഭാഗത്തിനുമേലെയും അമിതപ്രതീക്ഷയോടെ തന്നെയാണ് സിനിമാപ്രേമികള്‍ നോക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ദൈര്‍ഘ്യം ആരാധകരെ അമ്പരപ്പിച്ചതിനൊപ്പം തിയറ്റര്‍ നടത്തിപ്പുകാര്‍ക്കും വലിയ വെല്ലുവിളിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷോയുടെ സമയം ക്രമീകരിക്കുക എന്നത് തിയറ്റര്‍ ഉടമകള്‍ക്കും വിതരണക്കാര്‍ക്കും ഒരുപോലെ തലവേദന ആയേക്കും. ഒരു ദിവസത്തെ ഷോയുടെ എണ്ണം വെട്ടിക്കുറക്കേണ്ട തലത്തിലേക്കും കാര്യങ്ങള്‍ എത്തിയേക്കും.
അതേസമയം പുഷ്പ 2 റണ്ണിങ് ടൈമിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇതുവരെയും വന്നിട്ടില്ല. ഇന്നലെയായിരുന്നു ചിത്രവുമായി ബന്ധപ്പെട്ട അവസാന വര്ക്പാക്കപ്പ്. അഞ്ചുവര്‍ഷം നീണ്ട പുഷ്പക്കൊപ്പമുള്ള യാത്ര ഇതാ അവസാന ദിനത്തില്‍ എന്ന് ഇന്നലെ അല്ലു അര്ജുന് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇനി പുഷ്പയെ തിയറ്ററില്‍ കാണാനുള്ള ആകാംക്ഷയിലാണ് അല്ലു ആരാധകര്‍.