balram-tarkish

TOPICS COVERED

സണ്ണി വെയിൻ, ലുക്ക്മാൻ, ഹരിശ്രീ അശോകന്‍ തുടങ്ങിയവർ അഭിനയിച്ച ടര്‍ക്കിഷ് തര്‍ക്കം എന്ന ചിത്രം തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിൻവലിച്ചിരുന്നു. മതനിന്ദ ആരോപിച്ച് ചിത്രത്തിന്റെ നിർമാതാവിനും സംവിധായകനും അടക്കം ഭീഷണിയുണ്ടായതിനെ തുടർന്നാണ് നടപടി. എന്നാല്‍ എന്തെങ്കിലും തർക്കമോ വിവാദമോ ഉണ്ടായതായും അറിഞ്ഞിരുന്നില്ലെന്നും തിയറ്ററിൽ പൊളിഞ്ഞുപോയേക്കാവുന്ന, അല്ലെങ്കിൽ ഇതിനോടകം പൊളിഞ്ഞുകഴിഞ്ഞ, ഒരു സിനിമയെ രക്ഷപ്പെടുത്താൻ വേണ്ടി മനപൂർവ്വം സൃഷ്ടിച്ചെടുത്തതാണോ ഈ മതനിന്ദാ വിവാദവും ഭീഷണി ആരോപണവും എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വി.ടി ബല്‍റാം. Read More : മതനിന്ദ നടത്തിയെന്ന് ആരോപണം; ‘ടര്‍ക്കിഷ് തര്‍ക്കം’ തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു

turkish-tharkkam-poster

ഫെയ്സ്ബുക്കിലൂടെയാണ് ബല്‍റാം വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ഇസ്ലാമോഫോബിയക്ക് ഇന്ന് ലോകത്തും ഇന്ത്യയിലും നല്ല മാർക്കറ്റുണ്ട്‌. ഈയടുത്ത കാലത്തായി കേരളത്തിലും അതിന്റെ വിപണിമൂല്യം കൂടിവരികയാണെന്നും  ബല്‍റാം പറയുന്നു. മുസ്‌ലിം സമുദായത്തിന്റെ ഖബറടക്കത്തെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയത്. ഒരു പള്ളിയും അവിടെ നടക്കുന്ന ഖബറടക്കവുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന ചില തര്‍ക്കങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. 

സിനിമ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ ചിലര്‍ തടയുന്ന അവസ്ഥയാണെന്നും ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ച ശേഷം വീണ്ടും ചിത്രം പുറത്തിറക്കുമെന്നും അണിയറപ്രവർത്തകർ കൊച്ചിയിൽ പറഞ്ഞു. നവാഗതനായ നവാസ് സുലൈമാൻ സംവിധാനം ചെയ്ത സിനിമ മതത്തെ നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നതല്ലെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

ബല്‍റാമിന്‍റെ കുറിപ്പ് 

'ടർക്കിഷ് തർക്കം' എന്ന പേരിലൊരു സിനിമ റിലീസ് ചെയ്ത വിവരം അറിഞ്ഞിരുന്നില്ല. അതിനേക്കുറിച്ച് എന്തെങ്കിലും തർക്കമോ വിവാദമോ ഉണ്ടായതായും അറിഞ്ഞിരുന്നില്ല. അതിൽ "മതനിന്ദ" ആരോപിച്ച് ഏതെങ്കിലും അറിയപ്പെടുന്ന വ്യക്തികളോ സംഘടനകളോ രംഗത്തെത്തിയതായും ഭീഷണി മുഴക്കിയതായും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ ആ സിനിമയെ വിമർശിച്ചു കൊണ്ടുള്ള ഒരൊറ്റ പോസ്റ്റും ടൈംലൈനിൽ കണ്ടിരുന്നില്ല.

മതനിന്ദ ആരോപിച്ച് ആരൊക്കെയോ സംവിധായകനേയോ നിർമ്മാതാവിനേയോ "ഭീഷണിപ്പെടുത്തി"യതിന്റെ പേരിൽ സിനിമ തിയറ്ററുകളിൽ നിന്ന് താത്കാലികമായി പിൻവലിക്കുകയാണത്രേ! ഇങ്ങനെയൊരു പരാതി പൊലീസിന് മുമ്പിൽ വന്നിട്ടുണ്ടോ അതിൽ അന്വേഷണം നടത്തിയിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല. ഏതായാലും സംഘ് പരിവാർ മാധ്യമങ്ങൾ ഇത് വലിയ ആഘോഷമാക്കിത്തുടങ്ങിയിട്ടുണ്ട്.

തിയറ്ററിൽ പൊളിഞ്ഞുപോയേക്കാവുന്ന, അല്ലെങ്കിൽ ഇതിനോടകം പൊളിഞ്ഞുകഴിഞ്ഞ, ഒരു സിനിമയെ രക്ഷപ്പെടുത്താൻ വേണ്ടി മനപൂർവ്വം സൃഷ്ടിച്ചെടുത്തതാണോ ഈ മതനിന്ദാ വിവാദവും ഭീഷണി ആരോപണവും താത്ക്കാലികമായ പിൻവലിക്കലുമെല്ലാം എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കിൽ അത് ഗൗരവമുള്ള സംഗതിയാണ്. ശുദ്ധ നെറികേടാണ്. അങ്ങേയറ്റം അപകടകരമായ പ്രവണതയാണ്.

ഇസ്ലാമോഫോബിയക്ക് ഇന്ന് ലോകത്തും ഇന്ത്യയിലും നല്ല മാർക്കറ്റുണ്ട്‌. ഈയടുത്ത കാലത്തായി കേരളത്തിലും അതിന്റെ വിപണിമൂല്യം കൂടിവരികയാണ്‌. തെരഞ്ഞെടുപ്പിൽ തോൽക്കുന്ന രാഷ്ട്രീയ പാർട്ടികളും അവർക്കെതിരായ സാധാരണ ജനങ്ങളുടെ വോട്ടിനെ വർഗീയതയുടെ കളത്തിൽ ഉൾക്കൊള്ളിച്ച്‌ ന്യായീകരണ ക്യാപ്സ്യൂളുകളുണ്ടാക്കുന്ന കാലമാണ്‌. കച്ചവട താത്പര്യങ്ങൾക്കായി സിനിമാക്കാരും ഇതിനെ ഒരു സാധ്യതയായി കാണുന്നത്‌ ഈ നാടിന്‌ താങ്ങാനാവില്ല.

Google News Logo Follow Us on Google News

ENGLISH SUMMARY:

Turkish Tharkkam movie withdrawed from theatres vt balram reaction