മലയാളത്തിൽ മാസ്-വയലൻസ് സിനിമകൾക്ക് പുതിയ തലം തീർക്കുന്നതാകും 'മാർക്കോ' എന്ന് അണിയറ പ്രവര്‍ത്തകർ. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി ഒരുക്കുന്ന ചിത്രത്തിന്‍റെ ടീസറും ഗാനവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷ പങ്കുവച്ച് നടന്‍ ജഗദീഷ് രംഗത്തെത്തി.
18 വയസ്സിൽ താഴെയുള്ളവർക്ക് ‘മാർക്കോ’തിയറ്ററിൽ കാണാൻ കഴിയില്ലെന്നാണ് ജഗദീഷിൻ്റെ പക്ഷം. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയിൽ അതിക്രൂരനായ കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്ന് ജഗദീഷ് പറയുന്നു. സമൂഹത്തിൽ ഒരിക്കലും മാതൃകയാക്കാൻ പറ്റുന്ന കഥാപാത്രമല്ല ‘മാർക്കോ’യിലെ ടോണി ഐസക് എന്നും താരം വ്യക്തമാക്കി. ചിത്രം ഞെട്ടിക്കുമെന്നും ഉണ്ണി പാൻ ഇന്ത്യൻ സ്റ്റാർ ആയി മാറുമെന്നും ജഗദീഷ് പറഞ്ഞു
ജഗദീഷിന്റെ വാക്കുകൾ
‘വാഴ’ എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് ‘മാർക്കോ’ സിനിമയെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നു. ബൊഗെയ്ൻവില്ല സിനിമയുടെ റിലീസ് സമയത്ത് ഷറഫുദ്ദീനും ഒരു കമന്റ് പറഞ്ഞിരുന്നു. ‘മലയാളത്തിലെ സീനിയർ ആക്ടര്‍ ഇനി റിലീസാകാൻ പോകുന്ന പടത്തിൽ ഭയങ്കര നെഗറ്റിവ് വേഷം ചെയ്യുന്നുണ്ട്.’ ഇത്രമാത്രമേ ഞങ്ങൾ പറഞ്ഞിട്ടുള്ളൂ. പക്ഷേ പ്രേക്ഷകർ അതൊരു സംഭവമാക്കി എടുത്തു. അപ്പോൾ എനിക്ക് മനസ്സിലായി ഈ സിനിമയുടെ പ്രതീക്ഷകൾ എത്രത്തോളം വലുതാണെന്ന്. ഞാൻ എന്റെ കഴിവിന്റെ പരമാവധി ഈ കഥാപാത്രത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ബാക്കി പറയേണ്ടത് പ്രേക്ഷകരാണ്. ഇതില്‍ ഓരോ ആക്‌ഷന്‍ സീക്വൻസിനും ഓരോ കാരണമുണ്ട്. അല്ലാതെ വെറുതെ കഥയിൽ വരുന്ന ഫൈറ്റുകളല്ല. പ്രത്യേകതരത്തിലുള്ള ലൈറ്റിങ് ടോൺ ആണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ എന്ന ആക്ടറുടെ കരിയറിലെ വലിയ സിനിമ. സാധാരണ കണ്ടിട്ടുള്ള ഉണ്ണിയിൽ നിന്ന് വ്യത്യസ്തനായ ഉണ്ണിയെ മാർക്കോയിൽ കാണാം. ഇതിലൂടെ ഉണ്ണി പാൻ ഇന്ത്യൻ സ്റ്റാർ ആയി മാറും’