വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ച് മലയാളികളുടെ ഹൃദയം കവര്‍ന്ന താരമാണ് ദിവ്യ ഉണ്ണി. അഭിനയജീവിതത്തോട് വിട പറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മലയാളികളുടെ ഇഷ്ട നായികമാരില്‍ ഇപ്പോഴും ദിവ്യയുടെ പേരുണ്ട്. ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ ജീവിതത്തെ സ്വാധീനിച്ച 2 വ്യക്തികളെക്കുറിച്ച് മനസുതുറക്കുകയാണ് ദിവ്യ ഉണ്ണി. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെ പ്രോല്‍സാഹിപ്പിച്ചത് മമ്മൂട്ടിയും ശ്രീനിവാസനുമാണെന്ന് ദിവ്യ ഉണ്ണി പറയുന്നു.
ദിവ്യ ഉണ്ണിയുടെ വാക്കുകള്‍ ഇങ്ങനെ:
'രണ്ട് വ്യക്തികളാണ് അഭിനയത്തിനൊപ്പം തന്നെ പഠനവും മുന്നോട്ട് കൊണ്ടുപോകണമെന്ന് പറഞ്ഞ് എന്നെ പ്രോല്‍സാഹിപ്പിച്ചത്. ഒന്ന് മമ്മൂക്കയാണ്. മമ്മൂക്ക പാരന്‍റസിനോട് തന്നെയാണ് പറഞ്ഞത്. അഭിനയത്തിനൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നത് നല്ലതാണെന്ന്, ഒരേ സമയത്ത് തന്നെ പഠനവും നടന്നുപോകുന്നത് നല്ലതാണെന്ന് മമ്മൂക്ക പാരന്‍റസിനോട് പറഞ്ഞു. അതുപോലെ ശ്രീനിയേട്ടനും പറഞ്ഞു. ഇവിടെയും സമയം കിട്ടുമല്ലോ..ഡയലോഗ് പഠിക്കുന്ന പോലെ ടെക്സ്റ്റ് ബുക്ക് എടുത്ത് വച്ച് പഠിക്കുക, അപ്പോ അതും നടന്നോളും എന്നിട്ട് പരീക്ഷയെഴുതുക എന്നാണ് ശ്രീനിയേട്ടന്‍ പറഞ്ഞത്. പഠനം ഒരു ഓപ്ഷനായി തന്നിരുന്നില്ല പാരന്‍റ്സ്. അഭിനയം വേണമെങ്കില്‍ ഒപ്പം പഠനവും വേണം. അതില്ലെങ്കില്‍ ഇതും വേണ്ട എന്നായിരുന്നു അച്ഛന്‍റെയും അമ്മയുടെയും രീതി. അതുകൊണ്ട് ഡിഗ്രി വരെ കഴിഞ്ഞു. മാത്രമല്ല കോളജ് എന്ന മനോഹര കാലഘട്ടം എനിക്ക് അനുഭവിച്ചറിയാനും സാധിച്ചു. പിന്നെ പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എംഎ ഭരതനാട്യം പഠിക്കാന്‍ ചേര്‍ന്നതും അതേ കോളജില്‍ തന്നെയായിരുന്നു' എന്നും ദിവ്യ ഉണ്ണി പറഞ്ഞു.
അഭിനയത്തോട് വിട പറഞ്ഞ ദിവ്യ ഉണ്ണി നൃത്തത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. വിദേശത്ത് സ്വന്തമായി ഡാന്‍സ് സ്കൂള്‍ നടത്തുന്നതിനൊപ്പം നിരവധി നൃത്തപരിപാടികളും താരം സംഘടിപ്പിക്കാറുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമായി 50 ഓളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ആകാശഗംഗയിലെ മായ/ഡെയ്സി എന്ന കഥാപാത്രവും പ്രണയവര്‍ണങ്ങളിലെ മായയുമെല്ലാം ദിവ്യ ഉണ്ണിയുടെ പ്രേക്ഷകഹൃദയം കീഴടക്കിയ കഥാപാത്രങ്ങളാണ്.