ക്യൂൻ എന്ന ഡിജോ ജോസ് ആന്റണി ചിത്രത്തിലെ ചിന്നുവിനെ അവതരിപ്പിച്ചു കൊണ്ട് മലയാളി മനസുകളിൽ ഇടം നേടിയ താരമാണ് സാനിയ അയ്യപ്പന്. ലൂസിഫര്‍ അടക്കമുള്ള സിനിമയില്‍ ശ്രദ്ധേയമായ വേഷം താരം ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയ യാത്രയ്ക്ക് മിനി കൂപ്പറിന്റെ പുതുമുഖം കൂപ്പർ എസ് സ്വന്തമാക്കിയിരിക്കുകയാണ് താരം.
ഓഷ്യൻ വേവ് ഗ്രീൻ എന്ന ഷെയ്ഡ് ആണ് പുതുവാഹനത്തിനായി സാനിയ തിരഞ്ഞെടുത്തിരിക്കുന്നത്. എറണാകുളത്തെ മിനി ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്ന് വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. ഏകദേശം 57.49 ലക്ഷം രൂപയാണ് കൂപ്പർ എസിനു വില വരുന്നത്.2.0 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിനു കരുത്തുപകരുന്നത്. 201 ബി എച്ച് പി യാണ് പവർ, 300 എൻ എം ആണ് പരമാവധി ടോർക്ക്. 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ്. നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ 6.7 സെക്കൻഡുകൾ മാത്രം മതിയാകും. പെർഫോമൻസിൽ മാത്രമല്ല, മൈലേജിലും ഈ കുഞ്ഞൻ കാർ ഒട്ടും പുറകിലല്ല. ലീറ്ററിനു 16.58 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്.