മുംബൈയിലെ കണ്‍സേര്‍ട്ടിനിടെ വൈറല്‍ മാഷപ്പ് തന്റെ പാട്ടിനൊപ്പം ചേര്‍ത്ത് ആരാധകര്‍ക്ക് കിടിലന്‍ സര്‍പ്രൈസ് നല്കി ഡുവാ ലിപ. താരത്തിന്റെ ഹിറ്റ് ട്രാക്കായ 'ലെവിറ്റേറ്റിങ്ങി'നൊപ്പം ഷാരൂഖിന്റെ ഹിറ്റ് ഗാനം 'വോ ലഡ്കി ജോ' ചേര്‍ത്ത മാഷപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതാണ് അപ്രതീക്ഷിതമായി ഡുവാ ലിപ തന്റെ കണ്‍സേര്‍ട്ടിലും ഉള്‍പ്പെടുത്തിയത്. 1999ല്‍ പുറത്തുവന്ന ബാദ്ഷാ എന്ന ഷാരൂഖ് ചിത്രത്തിലേതാണ് വോ ലഡ്കി ജോ എന്ന ഗാനം.
കണ്‍സേര്‍ട്ടിന് പിന്നാലെ മാഷപ് വരുന്ന ഭാഗത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇന്ത്യന്‍ പോപ്പ് കള്‍ച്ചറിനെ തന്റെ പാട്ടിലും ഉള്‍പ്പെടുത്തി ഡുവാ ലിപ്പയെ പ്രശംസിക്കുകയാണ് ഇന്ത്യയിലെ ആരാധകര്‍. ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനും ഈ വിഡിയോ പങ്കുവച്ചു.
മാഷപ്പ് നിര്‍മിച്ച ഡിജെ രുചിക് കുല്‍കര്‍ണിയും ഡുവാ ലിപ തന്റെ ആവേശം സോഷ്യല്‍ മീഡിയയില്‍ പ്രകടിപ്പിച്ചു. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്നാണ് രുചിക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഇതാദ്യമായല്ല ഡുവാ ലിപ ഷാരൂഖിനോടുള്ള ആരാധന തുറന്നു പ്രകടിപ്പിക്കുന്നത്. 2019ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഡുവാ ലിപ ഷാരൂഖ് ഖാനെ നേരില്‍ കണ്ടിരുന്നു. ഷാരൂഖിനൊപ്പം കൈ വിടര്ത്തിയുള്ള പ്രസിദ്ധമായ പോസും പരീക്ഷിച്ചിട്ടാണ് താരം അന്ന് ഇന്ത്യ വിട്ടത്.