ബോളിവുഡിലെ പവര്‍ കപ്പിളാണ് ഷാരൂഖ് ഖാനും നിര്‍മാതാവായ ഭാര്യ ഗൗരിയും. വിവാദങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കുന്ന ഗൗരിയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവാഹം കഴിഞ്ഞ് 33 വര്‍ഷങ്ങള്‍ക്കിപ്പുറം ഷാരൂഖ് ഖാന്‍ ഭാര്യ ഗൗരിയെ മക്കയിലെത്തിച്ച് മതം മാറ്റിയെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ സഹിതം പ്രചരിച്ച വ്യാജവാര്‍ത്ത. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സിന്‍റെ സഹായത്തോടെ നിര്‍മിച്ച ചിത്രങ്ങളാണിതെന്നും യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലെന്നും താരങ്ങളോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി.
1991 ഒക്ടോബര്‍ 25നാണ് ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ ഷാരൂഖും ഗൗരിയും വിവാഹിതരായത്. പരമ്പരാഗത ഹിന്ദു രീതിയിലാണ് ഷാരൂഖ് ഗൗരിയെ വിവാഹം കഴിച്ചത്. വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരായിരുന്നെങ്കിലും രണ്ട് സംസ്കാരങ്ങളുടെ കൂടെ സമന്വയമായി വിവാഹം മാറി. ആര്യന്‍, സുഹാന, അബ്രാം എന്നീ മൂന്ന് മക്കളാണ് ദമ്പതികള്‍ക്കുള്ളത്.
രണ്ട് വിശ്വാസങ്ങളെയും മാനിച്ചാണ് കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഇരുവരും പലവട്ടം തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരിക്കലും മതം മാറില്ലെന്നതായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്ന വ്യവസ്ഥയെന്ന് കോഫി വിത് കരണിന്‍റെ 2005ലെ എപിസോഡില്‍ താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ദീപാവലിയും ഈദും ഒരേ സന്തോഷത്തോടെയാണ് കുടുംബം ആഘോഷിക്കുന്നതെന്നും ദീപാവലി ആഘോഷങ്ങള്‍ക്ക് താന്‍ നേതൃത്വം നല്‍കുമ്പോള്‍ ഈദ് ആഘോഷങ്ങള്‍ക്ക് ഷാരൂഖ് മുന്‍കൈയെടുക്കുമെന്നും ഗൗരി അന്ന് വിശദീകരിച്ചിരുന്നു. പരസ്പര ബഹുമാനമാണ് വേണ്ടതെന്നും ആ ബഹുമാനം വിശ്വാസങ്ങളിലും പുലര്‍ത്താറുണ്ടെന്നും ഗൗരി വ്യക്തമാക്കി.
2013 ല്‍ ഔട്ട് ലുക്കിന് നല്‍കിയ അഭിമുഖത്തില്‍ മക്കള്‍ക്ക് ചിലപ്പോഴെങ്കിലും അവര്‍ ഏത് മതത്തിലാണെന്ന സംശയം വരാറുണ്ടെന്നും നമ്മള്‍ ആദ്യം ഇന്ത്യക്കാരാണെന്നാണ് ചിന്തിക്കേണ്ടതെന്നും മനുഷ്യത്വമാണ് മതത്തെക്കാള്‍ വലുതെന്നും താന്‍ മക്കളോട് പറഞ്ഞുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.