തെന്നിന്ത്യന്‍ താരവും മലയാളിയുമായ കീര്‍ത്തി സുരേഷിന്‍റെ വിവാഹവിശേഷങ്ങളാണ് സോഷ്യല്‍ ലോകത്ത് ശ്രദ്ധനേടുന്നത്. വിവാഹത്തിന് മുന്നോടിയായി കുടുംബസമേതം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയ കീര്‍ത്തിയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. 2 തരം ചടങ്ങുകളോടെയായിരിക്കും കീര്‍ത്തി സുരേഷിന്‍റെ വിവാഹം നടക്കുക. ഡിസംബര്‍ 12ന് നടക്കുന്ന വിവാഹം കെങ്കേമമാക്കാനൊരുങ്ങുകയാണ് കീര്‍ത്തിയും കുടുംബവും.
ബാല്യകാല സുഹൃത്തായ ആന്‍റണി തട്ടിലാണ് കീര്‍ത്തിയുടെ വരന്‍. വിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകളും വാര്‍ത്തകളും മറ്റും സൈബറിടത്ത് ചര്‍ച്ചയാകുന്നതിനിടെ കീര്‍ത്തി തന്നെയാണ് വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. ആന്‍റണിയുമൊത്തുളള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കീര്‍ത്തിയുടെ പോസ്റ്റ്. ഡിസംബര്‍ 12ന് ഗോവയില്‍ വച്ചാണ് താരനവിവാഹം നടക്കുക. 12ാം തീയതി രാവിലെയാണ് ആദ്യത്തെ ചടങ്ങ്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമാണ് വിവാഹം. ഈ ചടങ്ങില്‍ ഹിന്ദു തമിഴ് ബ്രാഹ്മണ ശൈലിയിലുളള വസ്ത്രമായിരിക്കും കീര്‍ത്തി ധരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിഥികള്‍ക്കും പ്രത്യേക ഡ്രസ് കോഡുണ്ട്.
രണ്ടാമത്തെ ചടങ്ങ് നടക്കുന്നത് വൈകിട്ടാണ്. സൂര്യാസ്തനത്തെ സാക്ഷിയാക്കിയുളള പ്രത്യേക ചടങ്ങായിരിക്കും ഇത്. പേസ്റ്റല്‍ നിറത്തിലുളള വസ്ത്രങ്ങളായിരിക്കും അതിഥികള്‍ക്കുളള ഡ്രസ് കോഡ്. രാത്രിയിലെ കാസിനോ നൈറ്റ് പാര്‍ട്ടിയോടെയായിരിക്കും വിവാഹാഘോഷങ്ങള്‍ സമാപിക്കുക. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും പാര്‍ട്ടിയില്‍ പങ്കെടുക്കുക എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിവാഹത്തിന് മുന്നോടിയായുളള ചടങ്ങുകള്‍ ഡിസംബര്‍ 10ന് ആരംഭിക്കും. കേരള തീമിലായിരിക്കും ചടങ്ങുകള്‍. ഡിസംബര്‍ 11ന് രാവിലെ സംഗീത് പരിപാടികളും വൈകിട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമുളള ഗെയിംസ് അടക്കമുളള പരിപാടികളും സംഘടിപ്പിക്കും.
മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ആരാധകരുളള താരമാണ് കീര്‍ത്തി സുരേഷ്. ഇപ്പോഴിതാ ബോളിവുഡിലേക്കും താരം അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ദളപതി വിജയ് നായകനായെത്തിയ തെരി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കായ ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡിലേക്ക് ചുവടുവെയ്ക്കുന്നത്. തമിഴില്‍ സമാന്ത ചെയ്ത കഥാപാത്രത്തെയാണ് കീര്‍ത്തി ഹിന്ദി റീമേക്കില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയമകളാണ് കീർത്തി.