Image: PTI

Image: PTI

അഭിനയ ജീവിതം പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്ന് ബോളിവുഡ് താരം വിക്രാന്ത് മാസി. വിക്രാന്ത് നായകനായ ട്വെല്‍ത് ഫെയില്‍  സൂപ്പര്‍ഹിറ്റായിരുന്നു. അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. സബര്‍മതി റിപ്പോര്‍ട്ടാണ് വിക്രാന്തിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സീറോ സേ റീസ്റ്റാര്‍ട്ട് വൈകാതെ പുറത്തിറങ്ങും. 

സമൂഹമാധ്യമക്കുറിപ്പിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ആരാധകര്‍ക്ക് നന്ദി പറഞ്ഞാണ് കുറിപ്പിന്‍റെ തുടക്കം. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിനായാണ് താന്‍ സിനിമാ ജീവിതം അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 കുറിപ്പിങ്ങനെ: 'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ അങ്ങേയറ്റം സംഭവബഹുലമായിരുന്നു. നിങ്ങളുടെ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി. മുന്നോട്ടുള്ള യാത്ര കുടുംബത്തിനൊപ്പം ചെലവഴിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരു ഭര്‍ത്താവായും അച്ഛനായും മകനായും നടനായുമെല്ലാം ജീവിതം മുന്നോട്ട് പോകുന്നു. 2025 ല്‍ ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്ക് മുന്നിലെത്തും. കഴിഞ്ഞ രണ്ട് സിനിമകള്‍ പറഞ്ഞുതീര്‍ക്കാനാവാത്ത സന്തോഷമാണ് നല്‍കിയത്. ഒരുപിടി ഓര്‍മകളും. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും എല്ലാറ്റിനും നന്ദി. എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും'. 

അഭിനയം അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് പലരും താരത്തിന്‍റെ പോസ്റ്റിന് ചുവടെ കുറിച്ചിട്ടുണ്ട്. സിനിമയ്ക്ക് നിങ്ങള്‍ നല്‍കിയ സംഭാവനകള്‍ക്ക് നന്ദിയെന്നും നിങ്ങളുടെ അഭാവം വേദനിപ്പിക്കുന്ന  ഒന്നാവുമെന്നും കരിയറിന്‍റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോള്‍ ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ അസാമാന്യ ധൈര്യം വേണമെന്നുമെല്ലാം ആളുകള്‍ കുറിച്ചു. വിക്രാന്ത്, നിങ്ങളൊരു അസാമാന്യ പ്രതിഭയാണ്, ചെറിയൊരു ഇടവേളയെടുത്ത് മടങ്ങി വരൂ. വര്‍ക് –ലൈഫ് ബാലന്‍സ് കൃത്യമായാല്‍ നിലവിലെ ആശയക്കുഴപ്പം അവസാനിക്കും. നിങ്ങളെ പോലെ ഒരു നടനെ ഇനിയും സ്ക്രീനില്‍ കാണമെന്ന് ഞങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടെന്ന് മറ്റൊരാളും കുറിച്ചു. 

ടെലിവിഷന്‍ താരമായാണ് വിക്രാന്ത് മാസി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ബാലിക വധു, ധരം വീര്‍ എന്നിവയിലൂടെ കുടുംബ പ്രേക്ഷകരുടെ മനംകവര്‍ന്നു. രണ്‍വീര്‍ സിങിന്‍റെ ലൂട്ടേരയിലൂടെയാണ് സിനിമയില്‍ തുടക്കം. ചാപകില്‍ ദീപികയ്ക്കൊപ്പവും ക്രൈം തില്ലര്‍ സീരിസായ മിര്‍സാപുറില്‍ ബബ്​ലു പണ്ഡിറ്റായും വന്‍ പ്രശംസ നേടി. ഹസീന്‍ ദില്‍റുബ, ജിന്നി വെഡ്സ് സണ്ണി, ലവ് ഹോസ്റ്റല്‍ എന്നിവയാമ് മറ്റ് പ്രധാന ചിത്രങ്ങള്‍. 2002 ലെ ഗോധ്​ര ട്രെയിന്‍ അപകടത്തെ അടിസ്ഥാനമാക്കിയുള്ള 'സബര്‍മതി റിപ്പോര്‍ട്ട്' ആണ് വിക്രാന്തിന്‍റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. 

Google News Logo Follow Us on Google News

ENGLISH SUMMARY:

Actor Vikrant Massey has made the surprising decision to retire from acting at the age of 37, despite being at the peak of his career. His latest release, Sabarmati Express, has been performing well at the box office, and his previous performances in 12th Fail and Sector 36 were widely praised.