പതിവ് സൗന്ദര്യ സംരക്ഷണ രീതികളില്‍ നിന്നെല്ലാം വ്യത്യസ്തയാണ് നടി ശാലിനി പാസി. നെറ്റ്ഫ്ളിക്സിന്റെ 'ഫാബുലസ് ലൈവ്സ് ഓഫ് ബോളിവുഡ് വൈവ്സ്' എന്ന ഷോയിലൂടെയാണ് താരം തുടക്കമിട്ടതെങ്കിലും അതിവേഗം ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം കുളിക്കുന്നത് പാലിലാണെന്നും അതാണ് സുന്ദരമായ ചര്‍മത്തിന്‍റെ രഹസ്യമെന്നും വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു.
'ന്യൂസ്ലോന്ട്രി'ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം തന്‍റെ സൗന്ദര്യസംരക്ഷണ രീതികളെ കുറിച്ച് തുറന്ന് പറയുന്നുണ്ട്. ദിവസവും പാലിലാണ് കുളിക്കുന്നതെന്ന് പ്രചരിക്കുന്നത് ശരിയല്ലെന്നും വിശദീകരണത്തിന് താന്‍ മുതിരാറില്ലെന്നും ശാലിനി പറയുന്നു. 'ഞാന്‍ പാലില്‍ കുളിക്കാറില്ല. വിശദീകരണങ്ങള്‍ ഒഴിവാക്കുന്നതിനായി അവരെന്ത് ചോദിച്ചാലും അതേ എന്ന് മാത്രമേ ഉത്തരം പറയാറുള്ളൂ. മറ്റുള്ളവരോട് കാര്യങ്ങള്‍ വിശദീകരിക്കുന്നത് സത്യത്തില്‍ എനിക്കിഷ്ടമില്ല. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് പശുക്കളെയോ, കുതിരകളെയോ, ആടുകളെയോ ഒന്നും വളര്‍ത്താന്‍ അനുമതിയില്ല. അതാണ് ചട്ടം. ഞാന്‍ പാലില്‍ അല്ല കുളിക്കുന്നത്'- ശാലിനി പറയുന്നു.
തിളക്കവും മിനുസവുമാര്‍ന്ന ചര്‍മത്തിനായി താന്‍ പതിവായി ബീറ്റ്റൂട്ട് സ്മൂത്തി കുടിക്കാറുണ്ടെന്ന് താരം വെളിപ്പെടുത്തി. തന്‍റെ ചര്‍മത്തിന്‍റെ തിളക്കത്തിന് കാരണം ബീറ്റ്റൂട്ടിന്‍റെ സ്മൂത്തിയാണെന്നും അവര്‍ പറയുന്നു.
ശാലിനിയുടെ മുടിയെ ചുറ്റിപ്പറ്റിയും വിവാദങ്ങള്‍ തലപൊക്കിയിരുന്നു. വെപ്പുമുടിയാണെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ മുടി ഒറിജിനലാണെന്നും നല്ല നീളന്‍ മുടി പാരമ്പര്യമായി ഉള്ളതാണെന്നും താരം പറയുന്നു. നാല് തവണ തിരുപ്പതിയില്‍ പോയി മുണ്ഡനം തല ചെയ്തിട്ടുണ്ടെന്നും ആരോഗ്യമുള്ള മുടിയെ താന്‍ സംരക്ഷിക്കുന്നത് കൊണ്ടാണ് അത് ഭംഗിയായി നില്‍ക്കുന്നതെന്നും അവര്‍കൂട്ടിച്ചേര്‍ത്തു.
20–ാം വയസില്‍ കോളജില്‍ പഠിക്കുമ്പോഴാണ് പാസ്കോ ഗ്രൂപ്പ് ഉടമയായ സഞ്ജയ് പാസിയെ ശാലിനി വിവാഹം കഴിച്ചത്. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത ആളായിരിക്കണം ഭര്‍ത്താവെന്ന് മാത്രമായിരുന്നു വിവാഹസമയത്ത് തന്‍റെ നിബന്ധനയെന്ന് ശാലിനി വെളിപ്പെടുത്തി. സഞ്ജയ് അങ്ങനെയുള്ള ഒരാളായത് കൊണ്ടുതന്നെ ജീവിതം സ്വര്‍ഗതുല്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.