മമ്മൂട്ടി നായകനാകുന്ന വല്യേട്ടന്‍ സിനിമ 4K ഡോൾബി ‘അറ്റ്‌മോസ്’ ദൃശ്യമികവോടെ തിയറ്ററുകളിലേയ്ക്ക് എത്തിയതിന് പിന്നാലെ ചിത്രത്തിലെ ശരി തെറ്റുകള്‍ അളക്കുകയാണ് സോഷ്യല്‍ മീഡിയ. കാലിന് സ്വാധീനക്കുറവും ഉയരക്കുറവും ഉള്ള കുഞ്ഞനിയനോട് മമ്മൂട്ടിയുടെ വല്ല്യേട്ടൻ കഥാപാത്രം ചോദിക്കുന്ന ചോദ്യമാണ് ചര്‍ച്ചാവിഷയം. 'സമുദ്ര നിരപ്പിൽ നിന്ന് കേവലം 3 അടിമാത്രം ഉയരമുള്ള നീ, ശരീരത്തിന് ആകെ ഒരു ഫിനിഷിങ് ഇല്ലാത്ത നീ' എന്ന ഡയലോഗ് ശരിയല്ലെന്നും നായകനായ ഒരു വല്ല്യേട്ടന് എങ്ങനെയാണ് അത് ചോദിക്കാന്‍ കഴിയുക എന്നുമാണ് സൈബര്‍ ലോകത്തെ ചോദ്യം.
ഭിന്നശേഷിക്കാരനായ സ്വന്തം അനുജനെ അയാളുടെ കുറവുകള്‍ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്നത് മാസ് ആയി കാണാന്‍ കഴിയില്ലെന്നാണ് ചിലരുടെ പക്ഷം. എന്നാല്‍ അത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സിനിമയാണെന്നും അക്കാലത്ത് അങ്ങനെയാണെന്നുമാണ് ആരാധകപക്ഷം. അതു കൂടാതെ സിദ്ദിഖിന്‍റെ കഥാപാത്രം ഭിന്നശേഷിക്കാരനായ സുധീഷിനെ ഞൊണ്ടി എന്ന് ഇടക്കിടെ വിളിക്കുന്നതും അരോചകമായി തോന്നുന്നതായി ആസ്വാദകര്‍ പറയുന്നു. 24 വര്‍ഷത്തിന് ശേഷം ചിത്രം തിയറ്ററില്‍ റീ റിലീസ് ചെയ്യുന്നതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ സജീവമായത്.
2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത ‘വല്യേട്ടൻ’ ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിൽ അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി സ്ക്രീനിൽ എത്തിയത്. മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൻ്റെ ഭാഗമായിരുന്നു.
രഞ്ജിത്തിന്‍റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് റീ-റിലീസിനായി ഒരുക്കുന്നത്. മാറ്റിനി നൗവാണ് ഫോർ കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയോടെയും ഈ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തിച്ചത്.