തന്റെ ഈ വർഷത്തെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലേക്ക് ലക്കി ഭാസ്കറിനെ ഉൾപ്പെടുത്തി പ്രിയതാരം കല്യാണി പ്രിയദർശൻ. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് കല്യാണി ഇക്കാര്യം കുറിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ലക്കി ഭാസ്കർ. തിയറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രം ഒടിടിയിലും മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ലക്കി ഭാസ്കർ നെറ്റ്‍ഫ്ലിക്സിൽ ഏറ്റവും മികച്ച പത്തു ചിത്രങ്ങളിൽ ഒന്നാമതായിരിക്കുകയാണ്. പിന്നാലെയാണ് താരത്തിന്റെ വൈറൽ കുറിപ്പ്.
ഇന്ത്യയിലെ ഏറ്റവും മികച്ച 10 സിനിമകളിൽ ഒന്നായി ലക്കി ഭാസ്കർ മാറിയത് എങ്ങനെയെന്നതിൽ എനിക്ക് അദ്ഭുതമില്ല. എന്തൊരു സിനിമയാണത്, ദുൽഖർ സൽമാൻ, നിങ്ങൾ കാമറയെ പ്രണയിച്ച് രസിച്ച് അഭിനയിച്ചത് സിനിമയിൽ നല്ല രീതിയിൽ കാണാൻ കഴിയുന്നുണ്ട്. കാമറയ്ക്ക് പിന്നിൽ നിമിഷ് രവി എന്തു മാജിക്ക് ആണ് ചെയ്തത്! എല്ലാവരിൽ നിന്നും മികച്ച പ്രകടനങ്ങളാണ് ലഭിച്ചത്. പിടിച്ചിരുത്തുന്ന തിരക്കഥയുമായി എത്തിയ ലക്കി ഭാസ്കർ എന്ന ചിത്രം ഉറപ്പായും എന്റെ ഈ വർഷത്തെ പ്രിയചിത്രങ്ങളിൽ ഒന്നാണ്, കല്യാണി പ്രിയദർശൻ കുറിച്ചു.
മലയാളത്തിനു പുറമേ, തെലുങ്കിലും ലക്കി ഭാസ്കർ വിജയിച്ചതോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്. ആഗോളതലത്തില്‍ 111 കോടി രൂപയിലധികം ലക്കി ഭാസ്‍കര്‍ നേടിയിട്ടുണ്ട്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തത്. ഒടിടി റിലീസിന് ശേഷവും മികച്ച പ്രതികരണങ്ങളോടെ ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.
തമിഴ്‌നാട്ടിൽ നിന്ന് ചിത്രം 15 കോടിയിലധികം രൂപ നേടിയതായാണ് റിപ്പോർട്ടുകൾ. 1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കർ' പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ഇന്ത്യ, ഒമാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ബഹറൈൻ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിൽ സിനിമ ട്രെൻഡിങ് നമ്പർ വൺ ആണ്.