പുഷ്പ 2 റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ് അപ്ഡേറ്റ്. പുഷ്പ 2 ന് പിന്നാലെ പുഷ്പ 3 അണിയറയില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതിന് സ്ഥിരീകരണമെന്നോണം റസൂല്‍പൂക്കുട്ടി പുഷ്പ 3 സൂചന നല്‍കുന്ന പോസ്റ്റ് പങ്കുവെച്ച് രംഗത്തു വന്നു. എന്നാല്‍ പുറത്തുവിട്ട് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കി.
ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം റസൂല്‍ പൂക്കുട്ടി പോസ് ചെയ്ത ചിത്രത്തിന്‍റെ പുറകില്‍ ‘പുഷ്പ 3 ദ് റാംപേജ്’ എന്ന പോസ്റ്റര്‍ വ്യക്തമായി കാണാം.പുഷ്പ 3 യുടെ സൗണ്ട് മിക്സിങ് പൂര്‍ത്തിയായെന്ന് സൂചിപ്പിക്കുന്നത് കൂടിയായി റസൂല്‍ പൂക്കുട്ടി പങ്കുവെച്ച ചിത്രം. പോസ്റ്റ് ചെയ്ത ഉടന്‍ ആരാധകര്‍ ചിത്രം ഏറ്റെടുത്തു. എന്നാല്‍ വൈറലായതോടെ ചിത്രം നീക്കം ചെയ്യുകയായിരുന്നു. ഡിലീറ്റ് ചെയ്തെങ്കിലും സ്ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പുഷ്പ 2 റിലീസിനു മുന്‍പ് തന്നെ വലിയൊരു സ്പോയിലര്‍ ആയി പുഷ്പ 3 പോസ്റ്റര്‍ എന്നാണ് സൈബറിടത്തെ കമന്‍റുകള്‍. ഡിസംബര്‍ അഞ്ചിനാണ് പാന്‍ ഇന്ത്യന്‍ തലത്തില്‍ ചിത്രം റിലീസിനെത്തുന്നത്.
നേരത്തെ പുഷ്പ 3യുടെ സൂചനകള്‍ നല്‍കി വിജയ് ദേവരകൊണ്ടയും ഒരു പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ സുകുമാറിന് ആശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള പോസ്റ്റിലായിരുന്നു അദ്ദേഹം പുഷ്പ 3 യുടെ സൂചനകള്‍ നല്‍കിയത്. നിങ്ങള്‍ക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ കാത്തിരിക്കാന്‍ വയ്യ, 2021-ദി റൈസ്, 2022-ദി റൂള്‍, 2023- ദി റാംപേജ് എന്നിങ്ങനെയായിരുന്നു വിജയ് ദേവരകൊണ്ടയുടെ പോസ്റ്റ്.
'പുഷ്പ ദ റൈസ്' എന്ന ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു.അതിനു തുടര്‍ച്ചയായി 'പുഷ്പ ദ റൂളും’ നിരാശരാക്കില്ല എന്നാണ് ആരാധകരുടെ പ്രതീക്ഷ.ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. ചിത്രം തിയറ്ററുകളിലെത്താൻ രണ്ട് ദിവസം മാത്രം ശേഷിക്കെ, 12 ലക്ഷം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റുപോയിരിക്കുന്നത്.