സിനിമാതാരം മീരാ നന്ദന്‍റെ പിറന്നാള്‍ ആഘോഷമാക്കി ഭർത്താവും സുഹൃത്തുക്കളും. പിറന്നാള്‍ നവംബര്‍ 26 ആയിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് കൂട്ടുകാരുമൊത്ത് താരം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ മീര തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. പിറന്നാള്‍ ആഘോഷത്തില്‍ നസ്രിയയും പങ്കുച്ചേര്‍ന്നിരുന്നു. നിരവധി പേരാണ് ആശംസകള്‍ അറിയിച്ചുള്ള കമന്‍റുമായെത്തിയത്.

ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് മീരയുടെ ഭർത്താവ്. ജൂൺ മാസമായിരുന്നു ഇരുവരുടെയും വിവാഹം. മാട്രിമോണി സൈറ്റ് വഴി ഇരുവരും ആദ്യം പരിചയപ്പെട്ടെങ്കിലും, പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു. വിവാഹം ഉറപ്പിച്ചതുമുതല്‍ നിരവധി സൈബര്‍ ആക്രമണങ്ങളാണ് മീരയും ഭര്‍ത്താവ് ശ്രീജുവും നേരിട്ടത്.

അവതാരകയായി കരിയർ തുടങ്ങിയ താരമാണ് മീര. ദിലീപിന്റെ നായികയായി മുല്ലയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മീര മലയാളികളുടെ പ്രിയ നായികയായി. 2008 ലാണ് സിനിമാ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്‍പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി. പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.  സിനിമയില്‍ നിന്നും ഇടവേളയെടുത്ത് റേഡിയോ ജോക്കിയായി ജോലി ചെയ്തുവരികയാണ് മീര ഇപ്പോൾ. 2017നുശേഷം ആറുവര്‍ഷത്തോളം മീര നന്ദൻ സിനിമയിൽ അഭിനയിച്ചിരുന്നില്ല. ഈ വർഷം പുറത്തിറങ്ങിയ ‘എന്നാലും ന്റളിയാ’ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ മീര പ്രത്യക്ഷപ്പെട്ടിരുന്നു.