നാഗചൈതന്യ–ശോഭിത ധൂലിപാല വിവാഹ ചടങ്ങുകള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഏറെ സന്തോഷത്തിലാണ് ആരാധകരും. രാത്രി എട്ടേകാലിനാണ് മുഹൂര്‍ത്തം. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോസിലേക്ക് കണ്ണുംനട്ട് കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് ശോഭിതയുടെ ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. വിവാഹശേഷവും ശോഭിത അഭിനയരംഗത്തുണ്ടാകുമെന്ന് നാഗചൈതന്യ തന്നെയാണ് ഒരു സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ആരാധകര്‍ക്ക് അത്തരത്തിലെ സംശയങ്ങളൊന്നും വേണ്ടെന്ന് പറഞ്ഞ നാഗ ചൈതന്യ ,ശോഭിതയുടേത് തനി തെലുഗു കുടുംബമാണെന്നും  പറഞ്ഞു. 'വീട്ടിലുള്ളവര്‍ക്കെല്ലാം  തന്നോട് വലിയസ്നേഹമാണ്.  സംസ്കാര സമ്പന്നരാണ് കുടുംബാംഗങ്ങള്‍.  മകനെപ്പോലെയാണ് ശോഭിതയുടെ കുടുംബം കാണുന്നത്. ശോഭിത തീര്‍ത്തും ഒരു ഫാമിലി ഗേള്‍ ആണ്'.  പല ആഘോഷങ്ങളിലും ഒന്നിച്ചുണ്ടായിരുന്നതിനാല്‍ തനിക്കിത്  ബോധ്യപ്പെട്ടിട്ടുണ്ട്.  ഈ ബന്ധം കൂടുതല്‍ ദൃഢമാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം സ്വകാര്യ മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ വ്യക്തമാക്കി. 

മുംബൈയില്‍ കണ്ടുമുട്ടി; സൗഹൃദം പ്രണയത്തിലേക്ക്

മുംബൈയില്‍ വച്ച് പ്രമുഖ ഒടിടിയുടെ ഷോയ്ക്കെത്തിയപ്പോഴാണ് നാഗ ചൈതന്യ, ശോഭിത ധൂലിപാലയുമായി ആദ്യം കാണുന്നത്. അതേ ഒടിടിയുടെ മറ്റൊരു ഷോയില്‍ അഭിനയിക്കുകയായിരുന്നു ആ സമയത്ത് ശോഭിത. ആ സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു. ഇരുവരും അതീവ രഹസ്യമായി സൂക്ഷിച്ച പ്രണയം പക്ഷേ ആരാധകര്‍ ചികഞ്ഞു കണ്ടെത്തി.  Also Read: 'അവള്‍ എനിക്കൊപ്പം ഉണ്ടായിരുന്നാല്‍ മാത്രം മതി'

2022 ജൂണില്‍ യൂറോപ്പിലെ പബ്ബില്‍ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെ 2023 മാര്‍ച്ചില്‍ ലണ്ടനില്‍ നിന്ന് പുറത്തുവന്ന  ചിത്രത്തോടെ ഇരുവരും  പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചു. റസ്റ്റൊറന്‍റില്‍ നിന്നുള്ള ചിത്രത്തില്‍ ഷെഫ് സുരേന്ദര്‍ മോഹനൊപ്പം നില്‍ക്കുന്ന നാഗ ചൈതന്യയെ കാണാം. ടേബിളിന് പിന്നിലായി ക്യാമറയിലേക്ക് പാളി നോക്കുന്ന ശോഭിത വളരെപ്പെട്ടെന്ന് ആരാധകരുടെ കണ്ണിലുടക്കി.  Read More: അമ്മയാകാന്‍ അതിയായ ആഗ്രഹം; അത് അനുഭവിച്ചറിയണം; ശോഭിത

ഏപ്രിലില്‍ ഇരുവരും പങ്കുവച്ച ജംഗിള്‍ സഫാരി ചിത്രങ്ങളോടെ ആരാധകര്‍ പ്രണയം സ്ഥിരീകരിച്ചു. സിംഗിള്‍ ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചതെങ്കിലും പശ്ചാത്തലത്തിലെ സമാനതകള്‍ ആരാധകര്‍ കണ്ടെത്തുകയായിരുന്നു. ഓഗസ്റ്റ് എട്ടിനാണ് ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. താരത്തിന്‍റെ പിതാവും സൂപ്പര്‍താരവുമായ നാഗാര്‍ജുനയാണ് മകന്‍ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെന്ന വാര്‍ത്ത ആരാധകരുമായി പങ്കുവച്ചതും. ശോഭിതയുമായി താന്‍ ആഴത്തില്‍ അടുത്തുവെന്നും എന്നും അരികിലുണ്ടാകണമെന്നാണ് ആഗ്രഹമെന്നും നാഗചൈതന്യ പ്രണയം മറച്ചുവയ്ക്കാതെ വെളിപ്പെടുത്തി. 

ENGLISH SUMMARY:

Sobhita is a family girl, and we have all celebrated a couple of festivals together as well. I’m sure our bond will be even stronger with time, says Nagachaithanya.