കേന്ദ്രമന്ത്രി സുരേഷ് ഗോപി സിനിമാഭിനയത്തിനായി ഉടൻ ക്യാമറയ്ക്ക് മുന്നിലെത്തുമെന്ന് വിവരം. ബി.ജെ.പി. ഉന്നതനേതൃത്വം തത്വത്തിൽ അനുമതി നൽകിയതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക അനുമതി ഉടനുണ്ടാവും. എട്ടുദിവസമാണ് ആദ്യഷെഡ്യൂളിൽ അനുവദിച്ചിരിക്കുന്നത്. സിനിമയിലെ കഥാപാത്രമാകാൻ സുരേഷ് ഗോപി താടിവളർത്തിത്തുടങ്ങി. ഒറ്റക്കൊമ്പൻ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തിന് ആവശ്യമായവിധത്തിൽ താടിയും സുരേഷ് ഗോപി വളർത്തിയിരുന്നു. അനുമതി അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ കഴിഞ്ഞമാസം അദ്ദേഹം താടി ഉപേക്ഷിച്ചു. സുരേഷ് ഗോപിയുടെ ഷൂട്ടിങ് 29ന് തുടങ്ങും എന്നാണ് വിവരം.

കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘ഒറ്റക്കൊമ്പന്‍’. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് താരം തന്നെ പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും അഭിനയിക്കാന്‍ അനുവാദം ലഭിക്കാത്തിനെ തുടര്‍ന്ന് സിനിമ ഇതുവരെയും തുടങ്ങാന്‍ സാധിച്ചിരുന്നില്ല.

മാത്യു തോമസ് സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണ് ഒറ്റക്കൊമ്പന്‍. 2020ല്‍ പ്രഖ്യാപിച്ച ചിത്രം പിന്നീട് മുടങ്ങിപ്പോയിരുന്നു. ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ ‘കടുവ’യുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ചിത്രം നിയമകുരുക്കില്‍ അകപ്പെട്ടു.പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം. 25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ബിജു മേനോന്‍, മുകേഷ്, വിജയരാഘവന്‍, രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധി കോപ്പ എന്നിവരും ചിത്രത്തിലുണ്ടാവും. നായികയും വില്ലനും ബോളിവുഡില്‍ നിന്നായിയിരിക്കും. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്.

ENGLISH SUMMARY:

Suresh Gopi's highly anticipated return to acting is marked by his role in Ottakomban, his 250th film. Directed by debutant Mathews Thomas, the action-packed film has been in the making for some time but faced delays due to legal issues and the COVID-19 pandemic. Gopi, who is also a Union Minister, had to navigate restrictions that impacted his acting career, but Ottakomban is now ready to move forward with its shooting.