മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത പീരീഡ് ആക്ഷൻ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.
ചിത്രത്തിന് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചതെന്നും മലൈക്കോട്ടൈ വാലിബന്റെ പരാജയത്തെയോർത്ത് നിരാശപ്പെട്ടത് മൂന്നാഴ്ചകളാണ് എന്നും ലിജോ ജോസ് പറഞ്ഞു. ബച്ചൻ സാറും രജനി സാറും ഒക്കെ സ്ക്രീനിലേക്ക് വരുന്നത് പോലെ ഒരു നിമിഷം സൃഷ്ടിക്കാനാണ് മലൈക്കോട്ടൈ വാലിബനിലൂടെ താൻ ശ്രമിച്ചതെന്നും ലിജോ മനസുതുറന്നു. ഗലാട്ട പ്ലസ്സ് നടത്തിയ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിളിൽ ആണ് ലിജോ ഇക്കാര്യം പറഞ്ഞത്.
'കുട്ടിക്കാലം മുതൽ ഞാൻ സിനിമകളിൽ കണ്ടിട്ടുള്ള ഗംഭീര നിമിഷങ്ങൾ തിരിച്ചു കൊണ്ടു വരാനാണ് മലൈക്കോട്ടൈ വാലിബനിലൂടെ ഞാൻ ശ്രമിച്ചത്. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് സിനിമ ചെയ്യുക എന്നതല്ല ഒരു സംവിധായകന്റെ ജോലി. മറിച്ച്, പ്രേക്ഷകരുടെ അഭിരുചികളെ മാറ്റി മറിക്കുവാൻ സംവിധായകനു കഴിയണം. അവരുടെ ചലച്ചിത്രാസ്വാദന നിലവാരത്തെ ഉയർത്താൻ കഴിയണം. അതാണ് എന്റെ ശൈലി. സംവിധാനമെന്നാൽ സിനിമ നിർമിക്കുക എന്നതു മാത്രമല്ല. എന്ത് കാണണമെന്ന പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കുന്നത് കൂടിയാണ് അതെന്നാണ് എനിക്ക് തോന്നുന്നത്', ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്ന് നിർമിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. പി.എസ്. റഫീഖ് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.