kalidas-jayaram-1-

Image Credit: Instagram

വിവാഹം മൂലം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴാനെത്തിയവര്‍ക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിച്ച് കാളിദാസ് ജയറാം. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ഇന്ന് രാവിലെയാണ് ജയറാം പാര്‍വതി ദമ്പതികളുടെ മകനും നടനുമായ കാളിദാസ് താരിണി കലിംഗരായരെ താലി ചാര്‍ത്തിയത്. വിവാഹം കാണാന്‍ ആയിരക്കണത്തിന് ആളുകളാണ് ഗുരുവായൂര്‍ അമ്പലത്തിലെത്തിയത്. ഈ തിരിക്ക് മൂലം അമ്പലത്തിലെത്തിയ ഭക്തര്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് നേരിട്ടുവെങ്കില്‍ ക്ഷമിക്കണം എന്നായിരുന്നു കാളിദാസിന്‍റെ പ്രതികരണം. വിവാഹശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാളിദാസിന്‍റെ വാക്കുകള്‍ ഇങ്ങനെ: 'എന്‍റെ ജീവിതത്തിലെ പുതിയൊരു യാത്രയാണിത്. എന്‍റെ ഏറ്റവും പ്രിയപ്പെട്ട ലിറ്റില്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന താരിണിയുടെ കൂടെ ജീവിത്തില്‍ ഇനി പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാവരും നേരിട്ടുവന്ന് ഞങ്ങളെ അനുഗ്രഹിച്ചതിന് ഒരുപാട് ഒരുപാട് നന്ദി. വിവാഹവുമായി ബന്ധപ്പെട്ട് കുറച്ച് നെര്‍വസ് ആയിരുന്നു എന്നാല്‍ ഗുരുവായൂര്‍ അമ്പലത്തിലെത്തിയപ്പോള്‍ ആകെയൊരു ശാന്തത തോന്നി. മനസിനൊരു സംതൃപ്തിയുളെളാരു ഫീല്‍ ആയിരുന്നു. ഞങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ തിരക്ക് കാരണം ഗുരുവായൂര്‍ അമ്പലത്തിലെത്തിയ ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം' എന്നായിരുന്നു കാളിദാസിന്‍റെ പ്രതികരണം. 

അതേസമയം നടന്‍റെ വാക്കുകള്‍ക്ക് വലിയ പിന്തുണയാണ് സോഷ്യല്‍ ലോകത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാഹത്തിരക്കുകള്‍ക്കിടയും ഭക്തരോട് ക്ഷമ പറയാന്‍ കാണിച്ച മനസ് നടന്‍റെ ക്വാളിറ്റിയെയാണ് സൂചിപ്പിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. നടന് വിവാഹാശംസകള്‍ നേര്‍ന്നും നടന്‍റെ പെരുമാറ്റത്തെയും മാന്യതയെയും പുകഴ്ത്തിയും നിരവധി പേര്‍ രംഗത്തെത്തി. ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹം. ചെന്നൈയിലെ പ്രശസ്തമായ കലിംഗരായർ കുടുംബാംഗമാണ് വധു താരിണി. മന്ത്രി മുഹമ്മദ് റിയാസ്, സുരേഷ് ഗോപി, ഗോകുൽ സുരേഷ് ഉൾപ്പടെ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.