asif-ali

Image Credit: instagram

ആസിഫ് അലിയെയും അനശ്വര രാജനെയും പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം തിയറ്റര്‍ നിറഞ്ഞ് ഓടുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‍‌ആസിഫ് അലിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായി രേഖാചിത്രം മാറും എന്നാണ് ചിത്രം കണ്ടിറങ്ങിയവര്‍ പറയുന്നത്. ചിത്രം സൂപ്പര്‍ഹിറ്റായി മാറുമെന്നും പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. ഇതിനിടിയല്‍ രേഖാചിത്രത്തില്‍ ഒപ്പം അഭിനയിച്ച സഹ അഭിനേതാവിനെക്കുറിച്ച് ആസിഫ് അലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. സങ്കടപ്പെട്ടിരുന്ന സഹ അഭിനേത്രിയെ ആസിഫ് ആശ്വാസവാക്കുകളോടെ ചേര്‍ത്തുനിര്‍ത്തുന്ന വിഡിയോയും വൈറലായി മാറുകയാണ്.

രേഖാചിത്രം കണ്ട് തിയറ്ററില്‍ നിന്നിറങ്ങിയപ്പോള്‍ തന്നോടൊപ്പം ചിത്രത്തില്‍ അഭിനയിച്ച സുലേഖ ചേച്ചി ഇരുന്ന് കരയുന്നത് കണ്ടെന്നും കാരണം തിരക്കിയപ്പോഴാണ് ആ വ്യക്തി അഭിനയിച്ച ഭാഗങ്ങൾ എഡിറ്റിങ്ങിൽ  കട്ട് ചെയ്ത്  പോയി എന്നറിയാന്‍ സാധിച്ചതെന്നും ആസിഫ് അലി പറയുന്നു. ആസിഫ് അലിയുടെ വാക്കുകള്‍ ഇങ്ങനെ...'ചേച്ചി കരയുന്നത് കണ്ടപ്പോള്‍ ഞാന്‍ കരുതിയത് സിനിമ കണ്ട് അതിന്‍റെ ഇമോഷന്‍റെ പുറത്ത് കരയുന്നതാണെന്നാണ്. അടുത്ത് ചെന്നപ്പോഴാണ് ചേച്ചി പറഞ്ഞത്, ചേച്ചി 2 ഷോട്ടുളള ഒരു സീനില്‍ അഭിനയിച്ചിരുന്നു. പക്ഷേ അത് തിയറ്ററിലെത്തിയപ്പോള്‍ എഡിറ്റ് ചെയ്ത് കളഞ്ഞു എന്ന്.'

സുലേഖയുടെ സങ്കടം തിരിച്ചറിഞ്ഞ ആസിഫ് അലി ക്ഷമ ചോദിക്കാനും മടിച്ചില്ല. സോറി പറ്റിപ്പോയി ചേച്ചി എന്നായിരുന്നു സംഭവം അറിഞ്ഞയുടന്‍ ആസിഫിന്‍റെ പ്രതികരണം. ആസിഫിന്‍റെ വാക്കുകള്‍ ഇങ്ങനെ..സോറി, പറ്റിപ്പോയി… നമ്മൾ ഒരുമിച്ച് അഭിനയിച്ച സീനിൽ ചേച്ചി എന്ത് രസമായാണ് ചെയ്തിരിക്കുന്നത്. ചില സിനിമകളിൽ നമുക്ക് ലെങ്ത് പ്രശ്നം വരുമല്ലോ. നമുക്ക് എല്ലാവർക്കും ഇങ്ങനെയുള്ള അവസ്ഥയുണ്ടായിട്ടുണ്ട്. അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും. ചേച്ചി കരയുന്നത് കണ്ടിട്ട് ഞാനും കരഞ്ഞു. ഇനി അങ്ങനെ ചെയ്യരുത്. ചേച്ചിയുടെ നല്ല രസമുള്ള ഹ്യൂമർ സീനായിരുന്നു' എന്നായിരുന്നു ആസിഫ് അലിയുടെ പ്രതികരണം. 

അതേസമയം സുലേഖ ചേച്ചിയുടെ ഡിലീറ്റഡ് രംഗങ്ങൾ  വരും ദിവസങ്ങളിൽ റിലീസ് ചെയ്യുമെന്ന് ആസിഫ് അറിയിക്കുകയും ചെയ്തു. വിഡിയോ പുറത്തുവന്നതിന് പിന്നാലെ ആസിഫ് അലിക്ക് സൈബറിടത്ത് നിറഞ്ഞകയ്യടി. മോളിവുഡിന്‍റെ മുത്താണ് ആസിഫ് അലിയെന്ന് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നു.