വ്യത്യസ്ത പശ്ചാത്തലമുള്ള അഞ്ച് സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയാണ് ഹെര്‍. സ്ത്രീപക്ഷ സിനിമയെന്നാല്‍ സ്ത്രീകളുടെ അതിജീവനയാത്ര മാത്രമാകുന്നിടത്ത് സ്വന്തം ഇഷ്ടങ്ങള്‍ക്ക് വേണ്ടി ലൗഡായി സംസാരിക്കുന്ന കഥാപാത്രങ്ങളാണ് ഹെറിനെ വേറിട്ടതാക്കുന്നത്. നവാഗതയായ അര്‍ച്ചന വാസുദേവിന്‍റേതാണ് ഹെറിന്‍റെ കഥയും തിരക്കഥയും. ചിത്രത്തിന്റെ കാസ്റ്റിങ് ഡറക്ടറും ഗാനരചയിതാവും കൂടിയാണ് അര്‍ച്ചന. 'ഹെറിന്‍റെ ' യാത്രയെ കുറിച്ച് അര്‍ച്ചന
8 കഥകളില്‍ നിന്ന് ലിജിന്‍ തിരഞ്ഞെടുത്ത 5 പേര്‍
എന്‍റെ സിനിമാ ബന്ധം തുടങ്ങുന്നത് ഒരു ഷോര്‍ട്ട് ഫിലിമിലാണ്. ആത്മനിര്‍ഭര്‍ എന്നൊരു ഷോര്‍ട്ട് ഫിലിം മുമ്പ് ചെയ്തിരുന്നു. പിഎച്ച്ഡി കഴിഞ്ഞിരിക്കുന്ന സമയത്ത് പെട്ടെന്ന് യാദൃശ്ചികമായി ചെയ്തതാണ് ആ ഷോര്‍ട്ട് ഫിലിം . അത് ലിജിന്‍ (ലിജിന്‍ ജോസ് , സംവിധായകന്‍) തന്നെയാണ് സംവിധാനം ചെയ്തത്.
അതിന് ശേഷം ലിജിന്‍റെ കെ ജി ജോര്‍ജ് സാറിനെ കുറിച്ചുള്ള ഡോക്യുമെന്‍ററിയില്‍ സഹകരിച്ചിരുന്നു. എന്‍റെ പിഎച്ച്ഡി തീസിസിന്‍റെ ഭാഗമായിരുന്നു കെ ജി ജോര്‍ജ് സിനിമകള്‍. അതിന് ശേഷം കോവിഡ് സമയത്ത് ബോറടിച്ചിരുന്ന സമയത്താണ് ഉറുമ്പ് ( ഐശ്വര്യ രാജേഷ് നായികയായ ഹെറിലെ ഭാഗം) കഥ എഴുതുന്നത്. ഷോര്‍ട്ട് ഫിലിം ചെയ്യാമെന്നായിരുന്നു കണക്കുക്കൂട്ടല്‍. ലിജിനോട് പറഞ്ഞപ്പോള്‍ നല്ല പൊട്ടന്‍ഷ്യലുള്ള കഥയാണല്ലോ കുറച്ചുകൂടി വികസിപ്പിക്കാമോ എന്ന് ചോദിച്ചു. എന്നാല്‍ ഉറുമ്പിനപ്പുറത്തേക്ക് ആ കഥ കൊണ്ടുപോകാനായില്ല.
ആന്തോളജി ആയാലോ എന്നായി അടുത്ത ചിന്ത, ഏതായാലും എഴുതി നോക്കൂ എന്ന് പറഞ്ഞത് ലിജിനാണ്. ഫീച്ചര്‍ ഫിലിമിന് കഥയെഴുതാന്‍ പറ്റുമോ എന്ന ആശങ്കയുണ്ടായിരുന്നു. അതുകൊണ്ട് ചെറിയ കഥകളെഴുതി നോക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ 8 കഥകളെഴുതി. എല്ലാം ഫീമെയില്‍ സെന്‍ട്രിക് എന്ന് പറയാനാകില്ല. അതില്‍ നിന്ന് 5 എണ്ണം തിരഞ്ഞെടുത്തത് ലിജിനാണ് . ആന്തോളജി വേണ്ട ഫീച്ചര്‍ ഫിലിം ആക്കാമെന്ന് നിര്‍ദേശിച്ചതും ഹൈപ്പര്‍ലിങ്ക് എന്ന ആശയവും ലിജിന്റേതാണ്
ഉറുമ്പും മനുഷ്യരും പിന്നെ സമയവും
ഉറുമ്പിനെ ഒരു മെറ്റഫര്‍ ആക്കാമെന്നത് അവസാനം വന്ന ചിന്തയാണ്. ഉറുമ്പില്‍ തുടങ്ങിയത് കൊണ്ട് ഉറുമ്പില്‍ തന്നെ അവസാനിപ്പിക്കാമെന്ന് കരുതി. ആദ്യം കഥകളെഴുതിയ ശേഷം അതിനെ തമ്മില്‍ ബന്ധിക്കാനായി വീണ്ടും തിരക്കഥയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്താണ് ഉറുമ്പിനെ എന്തുകൊണ്ട് ഒരു മെറ്റഫര്‍ ആയി അവതരിപ്പിച്ചുകൂടാ എന്ന ആലോചനയുണ്ടാകുന്നത്.
ആ സ്വഭാവമുള്ള മനുഷ്യര്‍ എന്ന രീതിയില്‍ നമ്മുക്ക് ചുറ്റും ഒരുപാട് ഉറുമ്പുകളുണ്ട്. ചെറിയൊരു ഉറുമ്പ് മതി നമ്മുടെ മൊത്തെ സാഹചര്യത്തെ മാറ്റാന്‍ എന്ന സിമ്പിള്‍ ലോജിക്കാണ് അവിടെ ഉപയോഗിച്ചിരിക്കുന്നത്. ആണ്‍ – പെണ്‍ വ്യത്യാസമില്ല അവിടെ. അധികമാരും തിരിച്ചറിയാത്ത മറ്റൊരു പ്രധാനപ്പെട്ട ഘടകം ആ കഥകളെല്ലാം സമയത്തെ കുറിച്ചാണ് പറയുന്നത്.
ഐശ്വര്യയ്ക്ക് അഭിമുഖത്തിന് സമയത്ത് എത്തണം, രമ്യ നമ്പീശന് ഉദ്ഘാടനത്തിന് എത്തേണ്ട സമയം, ലിജോ മോളുടെ കാര്യത്തിലും സമയത്തിനാണ് പ്രാധാന്യം , ഉര്‍വശിയുടെ കഥയില്‍ സമയം ചോദിക്കുക എന്നത് അവരുടെ ജീവിതത്തിന്‍റെ ഭാഗമാണ്, പാര്‍വതിയുടെ കഥയിലും സമയമാണ് പ്രധാന ഘടകം
വ്യക്തിത്വമുള്ള കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്
സത്യത്തില്‍ ഹെറില്‍ ആണ്‍ – പെണ്‍ വ്യത്യാസമില്ല. വ്യക്തിത്വമുള്ള കഥാപാത്രങ്ങളെന്ന നിലയ്ക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ഭാഗത്ത് ഐശ്വര്യയുടെ( ഐശ്വര്യ രാജേഷ്) കഥാപാത്രം ഫോണില്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നുക അപ്പുറത്ത് ഒരു പുരുഷനായിരിക്കുമെന്നാണ് അല്ലേ? .
അടുത്ത ഭാഗത്ത് രമ്യ നമ്പീശന്‍റെ കഥാപത്രം രേഷ്മ ഒരു ഗ്രേ ഷേയ്ഡുള്ള കഥാപാത്രമാണ്. ഇതില്‍ ആരും എല്ലാം തികഞ്ഞവരല്ല . സാധാരണ നമ്മള്‍ കാണുന്ന, എനിക്ക് വേണ്ടത് എനിക്ക് കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങളെല്ലാം .
ആ രീതിയില്‍ തന്നെയാണ് അവരെ അവതരിപ്പിച്ചിരിക്കുന്നതും.
ഗൂഗിളില്‍ ജോലി , നാടകാഭിനയം, സിനിമയില്‍ പിഎച്ച്ഡി... ഒടുവില്‍ തിരക്കഥയിലേക്ക്
മാസ് കമ്മ്യൂണിക്കേഷനാണ് പഠിച്ചത്. കോളജ് കാലം മുതലേ നാടകാഭിനയം കൂടെയുണ്ടായിരുന്നു. ഗൂഗിളിന്‍റെ പരസ്യ വിഭാഗത്തില്‍ ജോലി കിട്ടിയതോടെ സ്ഥിരവരുമാനമുള്ള ജോലി എന്ന നിലയില്‍ ബാക്കിയെല്ലാം വിട്ട് കുറച്ചുനാള്‍ ജോലി ചെയ്തു. കുറച്ച് നാള്‍ കഴിഞ്ഞ് വീണ്ടും പഠനത്തിലേക്ക് തിരികെ വന്നു. എം ഫില്ലും സിനിമയില്‍ പിഎച്ച്ഡിയും ചെയ്തു.
ആത്മനിര്‍ഭര്‍ എന്ന ഷോട്ട് ഫിലിം ചെയ്തു. പക്ഷേ എഴുത്തിന്‍റേതായ ഒരു പശ്ചാത്തലവുമില്ല. നമ്മുക്ക് ചുറ്റും നമ്മള്‍ കാണുന്നവരെ കുറിച്ച് , സംഭവങ്ങളെ കുറിച്ച് , ആള്‍ക്കാരെ കുറിച്ചൊക്കെ എനിക്ക് അറിയുന്ന ഭാഷയില്‍ ഏറ്റവും ലളിതമായി എഴുതുകയാണ് എന്‍റെ രീതി. സത്യത്തില്‍ ഇങ്ങനെ എഴുതാനേ എനിക്ക് അറിയൂ എന്ന് പറയുന്നതാകും ശരി.
കാസ്റ്റിങ് ഡയറക്ടര്‍ , ഗാനരചന
കാസ്റ്റിങ് ഡയറക്ടറായുള്ള എന്‍റെ ആദ്യ ചിത്രമല്ല ഹെര്‍ . ബി 32 മുതല്‍ 44 വരെ ശ്രുതി ശരണ്യയുടെ സിനിമയ്ക്കാണ് ആദ്യമായി കാസ്റ്റിങ് ചെയ്തത്. ശ്രുതി എന്‍റെ സുഹൃത്തായിരുന്നു, അങ്ങനെ വന്ന അവസരമാണ്. ആ പരിചയമുള്ളത് കൊണ്ട് ഹെറിലും കാസ്റ്റിങ് ചെയ്തു.
പിന്നെ ഹെറിലെ ഗാനരചന , അതും വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. രമ്യയുടെ ഭാഗത്തിന്‍റെ പാക്കപ്പിന്‍റെ തലേദിവസമാണ് ലിജിന്‍ ഈ ഭാഗത്തൊരു പാട്ടുവേണമെന്ന് പറയുന്നത്. അവസാനനിമിഷം ഗാനരചയിതാവിനെയൊക്കെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഞാന്‍ തന്നെ എഴുതി . രാജേഷ് മാധവനും കുറച്ച് സഹായിച്ചു . ഗോവിന്ദ് വസന്ത തിരുത്തി തന്നു
ഐശ്വര്യയ്ക്ക് ഭാഷ പേടി, രമ്യയെ പറഞ്ഞുമനസിലാക്കാന്‍ ബുദ്ധിമുട്ടി
കഥയും തിരക്കഥയും എഴുതുന്ന സമയത്തൊന്നും ഈ ചിത്രം സംഭവിക്കുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. പക്ഷേ ഐശ്വര്യയും ഉര്‍വശിയും ആ കഥാപാത്രങ്ങള്‍ ചെയ്താല്‍ കൊള്ളാമെന്നൊരു ആഗ്രഹമെനിക്ക് ഉണ്ടായിരുന്നു. പക്ഷേ ചെറിയൊരു സിനിമയ്ക്ക് ഹൈ പ്രൊഫൈല്‍ താരങ്ങള്‍ സമ്മതിക്കുമോ എന്നൊരാശങ്ക എനിക്കുണ്ടായിരുന്നു.
ആകെ പറയാനുള്ളത് ലിജിന്‍ ചെയ്ത സിനിമകളെ കുറിച്ചാണ്. പക്ഷേ എല്ലാവരും കഥ കേട്ട ഉടനെ സമ്മതിച്ചു.
ഐശ്വര്യയെ നേരത്തെ അറിയാമായിരുന്നു. കഥ പറഞ്ഞപ്പോള്‍ ഭാഷയാണ് ഒരു പ്രശ്നമായി പറഞ്ഞത്. അങ്ങനെ കുറേ ഡയലോഗുകള്‍ ഒഴിവാക്കി. രേഷ്മയുടേത് ഗ്രേ ഷേഡുളള കഥാപാത്രമായത് കൊണ്ട് തന്നെ താന്‍ ചെയ്താല്‍ ശരിയാകുമോ എന്നൊരു ആശങ്ക രമ്യയ്ക്കുണ്ടായിരുന്നു (രമ്യാ നമ്പീശന്‍)
രമ്യയെ കണ്‍വിന്‍സ് ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടി. ആ കഥാപാത്രം എന്തുകൊണ്ട് അങ്ങനെ പെരുമാറുന്നുവെന്ന തരത്തിലൊക്കെയുള്ള ചില സംശയങ്ങള്‍ മാത്രമേ പാര്‍വതിക്ക് ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാവരും കഥ കേട്ടപ്പോള്‍ തന്നെ ഓക്കെ പറഞ്ഞു .
ലിജിന്‍റെ ചിത്രം ചേരയുടെ ചിത്രീകരണ സമയത്താണ് ഹെറിന്‍റെ കാസ്റ്റിങ് നടത്തിയത് . ആ ചിത്രത്തില്‍ ഗുരു സോമസുന്ദരം ഉണ്ടായിരുന്നു . ചെറിയൊരു വേഷമാണെങ്കിലും പ്രാധാന്യമുള്ളതാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹവും സമ്മതിച്ചു
സിനിമയില്‍ പ്ലാനിങ് ഇല്ല
സിനിമയ്ക്ക് പുറത്ത് വളരെ പ്ലാന്‍ഡ് ആയി, ഓര്‍ഗനൈസ്ഡ് ആയി ജീവിക്കുന്ന ആളാണ് ഞാന്‍. ബാംഗ്ലൂരിലാണ് താമസം. ഗസ്റ്റ് ലച്ചറായി കമ്മ്യൂണിക്കേഷന്‍ ക്ലാസുകള്‍ എടുക്കാന്‍ പോകാറുണ്ട്. കമ്മ്യൂണിക്കേഷന്‍ വര്‍ക്ക് ഷോപ്പുകള്‍ , ടോക്കെറ്റീവെന്ന സ്റ്റാര്‍ട്ട് അപ്പ് അങ്ങനെ കുറേ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷേ സിനിമയില്‍ പ്ലാനിങ് നടക്കില്ലഎന്നതാണ് എനിക്ക് മനസിലായ കാര്യം. കാരണം കോവിഡ് കാലത്ത് എഴുതിയ കഥ , ചിത്രീകരണം നടക്കുന്നത് രണ്ടുവര്‍ഷം മുന്‍പ്, പുറത്തിറങ്ങുന്നത് ഇപ്പോള്‍ മനോരമാക്സിലൂടെ.
ഇതൊന്നും ഞാന്‍ പ്ലാന്‍ ചെയ്തതല്ല , ചെയ്തിട്ട് കാര്യവുമില്ല . അതുകൊണ്ട് പ്ലാനിങ് ഇല്ല. ഇപ്പോള്‍ കഥ എഴുതുന്നുണ്ട്, എപ്പോള്‍ എങ്ങനെ, സിനിമയാകുമോ എന്നൊന്നും ഇപ്പോള്‍ പറയാനാകില്ല. പക്ഷേ ഹെര്‍ തന്ന ഉത്തരവാദിത്വത്തില്‍ നിന്ന് വേണം അടുത്ത സിനിമയെ സമീപിക്കാനെന്ന ബോധ്യമുണ്ട്.