മാര്‍ക്കോ രണ്ടാംഭാഗവുമായുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടി നിര്‍മാതാവിന്റെ പോസ്റ്റ്. രണ്ടാംഭാഗത്തില്‍ ചിയാന്‍ വിക്രം വില്ലനായെത്തുമെന്ന രീതിയിലായിരുന്നു അഭ്യൂഹങ്ങള്‍ പുറത്തുവന്നത്. ഇപ്പോഴിതാ മാര്‍ക്കോ ചിത്രത്തിന്റെ നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് വിക്രമിനൊപ്പമുള്ള ഒരു ചിത്രമാണ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. ‘വിക്രമിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങള്‍’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
ഈ ചിത്രം പുറത്തുവന്നതോടെ മാര്‍ക്കോയുടെ ആരാധകര്‍ മാര്‍ക്കോ രണ്ടാംഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ഉണ്ണിക്കൊപ്പം വിക്രമും കൂടി എത്തിയാല്‍ സംഭവം പൊളിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. വിക്രമിനും മകന്‍ ധ്രുവിനുമൊപ്പമുള്ള ചിത്രങ്ങളും ഷരീഫ് പങ്കുവച്ചിട്ടുണ്ട്. അച്ഛനേയും മകനേയും കൊണ്ട് ചോരക്കളി കളിപ്പിക്കാനുളള ശ്രമമാണോ എന്നും ചിത്രത്തിനു താഴെ ചോദ്യം ഉയരുന്നുണ്ട്.
ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത മാര്‍ക്കോ ബോക്സോഫീസുകള്‍ കീഴടക്കി മുന്നേറുകയാണ്. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ഉള്‍പ്പെടെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ബാഹുബലി’ക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും ചിത്രം നേടിക്കഴിഞ്ഞു. ഏപ്രിലിലാണ് സിനിമയുടെ കൊറിയൻ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയിൽ എത്തുന്നത്.