മോഹൻലാൽ സംവിധായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ബറോസ്’ ഹിന്ദി ട്രെയിലർ ലോഞ്ച് ചെയ്തു. മുംബൈയില്‍ വച്ച് നടന്ന ചടങ്ങില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് 'ബറോസി'ന്‍റെ ഹിന്ദി ട്രെയിലര്‍ ലോഞ്ച് ചെയ്‌തത്. മോഹൻലാൽ ആദ്യമായി സംവിധായകന്‍റെ കുപ്പായമണിയുന്ന സിനിമ ആയതിനാൽ വലിയ പ്രതീക്ഷകളാണ് സിനിമക്കുള്ളത്. ചിത്രത്തിന്‍റെ മലയാളം ട്രെയ്‌ലർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു.
‘കുട്ടികളെ മനസ്സിൽ കണ്ട് നിർമിക്കുന്ന സിനിമകൾ ഇന്ത്യയിൽ വളരെ കുറവാണ്. എന്നാല്‍ ബറോസ് തിയറ്ററുകളിൽ ഒരു മികച്ച അനുഭവം ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ സിനിമയ്‌ക്ക് ലഭിക്കുന്ന പ്രതികരണങ്ങളെ കുറിച്ചറിയാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ബറോസ് ഒരുപാട് കുട്ടികളെ വളരെയധികം സന്തോഷിപ്പിക്കും.’ അക്ഷയ് കുമാര്‍ പറഞ്ഞു.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് സിനിമയുടെ നിർമാണം. ഡിസംബർ 25 ന് ക്രിസ്മസ് റിലീസായി ബറോസ് തിയറ്ററിലെത്തും. ബറോസിന്‍റെ ഹിന്ദി പതിപ്പിന്‍റെ റിലീസ് ഡിസംബർ 27നാണ്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്.