കാഴ്ചയുടെ തലസ്ഥാനമാകാന്‍ തിരുവനന്തപുരം തയാറെടുക്കുന്നു. ഇരുപത്തിയൊന്‍പതാമത് രാജ്യാന്തര ചലച്ചിത്രമേള വെള്ളിയാഴ്ച വൈകുന്നേരം ആറിന് കനക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഹോങ്‌കോങില്‍ നിന്നുള്ള ആന്‍ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസ് സംവിധാനംചെയ്ത ഐ ആം സ്റ്റില്‍ ഹിയര്‍ ആണ് ഉദ്ഘാടന ചിത്രം
ഈ വര്‍ഷത്തെ ഏറ്റവും മികച്ച അഞ്ച് ചിത്രങ്ങളിലൊന്നായി ന്യൂയോര്‍ക്ക് ആസ്ഥാനമായ നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യു തിരഞ്ഞെടുത്ത ഐ ആം സ്റ്റില്‍ ഹിയര്‍ മുതല്‍ സിനിമാ കാഴ്ചകളുടെ വലിയ ലോകമാണ് തുറക്കാന്‍ പോകുന്നത്. 1971ല്‍ സൈനിക സ്വേച്ഛാധിപത്യത്തിനു കീഴില്‍ ബ്രസീല്‍ ഞെരിഞ്ഞമരുന്ന കാലം ചലച്ചിത്രത്തിലൂടെ ആവിഷ്കരിക്കുകയാണ് വാള്‍ട്ടര്‍ സാലസ്. 13 മുതല്‍ 20 വരെ 15 തിയേറ്ററുകളിലായി മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ കാണാം. ഡലിഗേറ്റ് പാസ് വിതരണം മന്ത്രി സജിചെറിയാന്‍ ഉദ്ഘാടനം ചെയ്തു.
മുന്‍മേളകളില്‍ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് ഇത്തവണത്തെ ആകര്‍ഷണങ്ങളിലൊന്നാണ്. നൂറിലേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ മേളയുടെ ഭാഗമാകും.
ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരമായ പത്തുലക്ഷംരൂപയും ശില്‍പ്പവും ഹോങ്‌കോങ് സംവിധായിക ആന്‍ ഹുയി ഏറ്റുവാങ്ങും. പായല്‍ കപാഡിയക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കും.മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപലഭിക്കും. രജത ചകോരത്തിന് അര്‍ഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലുലക്ഷം രൂപയും നവാഗത സംവിധാനപ്രതിഭയ്ക്ക് മൂന്നുലക്ഷംരൂപയും ലഭിക്കും.വിഖ്യാത ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാര്‍ദ് ആണ് രാജ്യാന്തര മല്‍സര വിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍.