ബ്രിട്ടീഷ് പോപ്പ് ഗായകൻ റോബി വില്യംസിനെ കുറിച്ചുള്ള ചിത്രം ബെറ്റർമാൻ 55-ാം രാജ്യാന്തര ചലചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രമാകും. ഓസ്ട്രേലിയൻ സംവിധായകന്‍ ഫിലിപ്പ് നോയ്‌സിനാണ് സത്യജിത് റേ ലൈഫ് ടൈം പുരസ്കാരം. IFFI കാനോളം എത്തുന്ന ചലച്ചിത്രമേളയെന്ന് വാര്‍ത്താവിതരണ സഹമന്ത്രി എൽ.മുരുകൻ പറഞ്ഞു.
സിനിമാ പ്രേമികൾക്ക് ഏറെ ആവേശം പകരുന്ന രാജ്യാന്തര ചലച്ചിത്രമേള ഈ മാസം 20 മുതൽ 28 വരെയാണ് ഗോവയിൽ നടക്കുക. പ്രശസ്ത ബ്രിട്ടീഷ് പോപ്പ് ഗായകൻ റോബി വില്ല്യംസിന്റെ ജീവിതം ആസ്പദമാക്കി മിഷേല്‍ ഗ്രേസി സംവിധാനം ചെയ്ത ബെറ്റർമാൻ ഒരുപാട് പ്രതീക്ഷകളോടെയാണ് IFFI-യിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നത്.
Also Read; 'ഉലക നായകനെന്ന് ഇനി വിളിക്കരുത്'; അഭ്യര്‍ഥനയുമായി കമല്‍ഹാസന്‍
ആഞ്ജലീന ജോളി അഭിനയിച്ച സാൾട്ട്, ഹാരിസൺ ഫോർഡ് അഭിനയിച്ച പാട്രിയറ്റ് ഗെയിം, ബോൺ കളക്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഓസ്ട്രേലിയൻ സംവിധായകന്‍ ഫിലിപ്പ് നോയ്‌സിനാണ് സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരം സമ്മാനിക്കുക.
ഫ്യൂച്ചര്‍ ഈസ് നൗ എന്ന ആശയത്തിലൂന്നയുള്ള ഇത്തവണത്തെ ചലചിത്ര മേളയില്‍ മികച്ച നവാഗത ഇന്ത്യന്‍ സംവിധായകനുള്ള പുരസ്കാരം കൂടി ഉള്‍പെടുത്തിയിട്ടുണ്ട്.
15 ലോക പ്രീമിയറുകൾ 40 ഏഷ്യൻ പ്രീമിയറുകൾ 106 ഇന്ത്യൻ പ്രീമിയറുകൾ എന്നിവ ഉൾപെടെ 81 രാജ്യങ്ങളിൽ നിന്നുള്ള 180 സിനിമകൾ മേളയില്‍ പ്രദര്‍ശിപ്പിക്കും. സ്ത്രീകൾ സംവിധാനം ചെയ്ത 47 സിനിമകളും യുവ-നവാഗത സംവിധായകരുടെ 66 സിനിമകളും 55ആം രാജ്യാന്തര ചലചിത്രോത്സവത്തെ വേറിട്ടതാക്കും.