ഹൈദരാബാദിലെ വസതിയിലെത്തി കസ്റ്റഡിയിലെടുത്ത പൊലീസിനെതിരെ അല്ലു അര്‍ജുന്‍. തന്നെ അറസ്റ്റ് ചെയ്തതില്‍ തെറ്റൊന്നുമില്ല, എന്നാല്‍ കിടപ്പുമുറി വരെയെത്തിയുള്ള അറസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നുവെന്നും വസ്ത്രം മാറാന്‍ പോലും തന്നെ അനുവദിച്ചില്ലെന്നും അല്ലു അര്‍ജുന്‍. അറസ്റ്റിനായി പൊലീസ് എത്തിയപ്പോള്‍ വസ്ത്രം മാറാന്‍ സമയം തരണമെന്ന് അല്ലു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമെന്ന് കരുതി അല്ലുവിനു പിന്നാലെ ബെഡ്‌റൂമിലേക്കും പൊലീസ് പിന്തുടര്‍ന്നു. ഇതിലുള്ള നീരസമാണ് അല്ലു വ്യക്തമാക്കിയത്.
കിടപ്പുമുറിക്കു പുറത്ത് ഉദ്യോഗസ്ഥരുടെ കൂട്ടം തന്നെ നിന്നതാണ് താരത്തെ അസ്വസ്ഥനാക്കിയത്. അതേസമയം അല്ലുവിന്റെ പിതാവ് പൊലീസ് വാഹനത്തിൽ താരത്തിനൊപ്പം കയറാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യം തെറ്റിദ്ധാരണകൾക്ക് കാരണമായേക്കാമെന്ന ആശങ്ക ചൂണ്ടിക്കാട്ടി പൊലീസ് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.
അല്ലുവിനെ പൊലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വീടിന് അകത്തു നിന്നും പൊലീസിനോട് സംസാരിച്ച് പുറത്തേക്കു വരുന്നത് ദൃശ്യങ്ങളിലുണ്ട്. അതിനിടയിൽ, സ്റ്റാഫിലൊരാൾ താരത്തിന് കോഫി കൊണ്ടു കൊടുക്കുന്നതും കോഫി കുടിച്ചു കഴിയുന്നതു വരെ പൊലീസ് കാത്തു നില്‍ക്കുന്നതും വിഡിയോയില്‍ ഉണ്ട്. അതിനു ശേഷമാണ് വാഹനത്തിൽ കയറ്റിയത്.
പൊലീസിനെ കണ്ട് ആശങ്കപ്പെടുന്ന ഭാര്യ സ്നേഹ റെഡ്ഡിയെ ആശ്വസിപ്പിക്കുന്ന അല്ലു അർജുനെയും വിഡിയോയിൽ കാണാം. പൊലീസ് വണ്ടിയിൽ കയറുന്നതിനു മുമ്പ് ഭാര്യയ്ക്ക് സ്നേഹ ചുംബനം നൽകിയാണ് അല്ലു സമാധാനിപ്പിക്കുന്നത്. സ്നേഹയുടെ മുഖത്ത് വിഷമം പ്രകടമായിരുന്നു. അല്ലു അർജുന്റെ സഹോദരൻ അല്ലു സിരിഷ്, അച്ഛൻ അല്ലു അരവിന്ദ് എന്നിവരും സമീപത്തുണ്ട്.
അല്ലുവിനെ കൊണ്ടുവരാനെത്തിയ പൊലീസ് ജീപ്പിൽ ആദ്യം കയറിയത് അച്ഛൻ അല്ലു അരവിന്ദ് ആണ്. എന്നാല്‍ അച്ഛനെ സ്നേഹത്തോടെ തന്നെ വണ്ടിയിൽ നിന്നും അല്ലു തിരിച്ചിറക്കുന്നുണ്ട്. പൊലീസ് ജീപ്പിൽ അല്ലു അർജുൻ മാത്രമാണ് കയറിയത്. പൊലീസ് വാഹനത്തിൽ അച്ഛൻ കൂടി കയറിയാൽ, അദ്ദേഹവും അറസ്റ്റിലായെന്ന് തെറ്റിദ്ധാരണ ജനിപ്പിക്കുമെന്ന പൊലീസിന്റെ നിർദേശത്തെ തുടർന്നാണ് അല്ലു അർജുൻ അച്ഛനെ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കിയത്. നല്ലതായാലും മോശമായാലും അതിന്റെ ക്രെഡിറ്റ് ഞാനൊറ്റയ്ക്ക് ഏൽക്കാമെന്നായിരുന്നു അല്ലു അച്ഛനോടു പറഞ്ഞത്.