പുഷ്പ 2 റിലീസിനോട് അനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് തെലുഗു സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. നിയമത്തെ അനുസരിക്കുകയാണ്. ഒളിച്ചോടില്ലെന്നും മരിച്ച യുവതിയുടെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും ജയില്‍മോചിതനായ ശേഷം താരം പ്രതികരിച്ചു. സാധ്യമായതെല്ലാം താന്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. തീര്‍ത്തും നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. നിയമത്തില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ട്. അത് അനുസരിക്കുകയാണ്. വലിയ വെല്ലുവിളി താനും കുടുംബവും നേരിട്ടെന്നും കൂടെ നിന്നവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദിയെന്നും താരം കൂട്ടിച്ചേര്‍ത്തു. 

സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതിയെന്ന 39കാരി സ്ത്രീ മരിച്ച സംഭവത്തിലാണ് തിയറ്റര്‍ ഉടമകള്‍ക്കൊപ്പം അല്ലു അര്‍ജുനെയും പൊലീസ് അറസ്റ്റ് ചെയ്തത്. അല്ലുവിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തത് വഷളായെന്നും തുടര്‍ന്ന് ലാത്തിവീശേണ്ടി വരികയായിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇന്നലെ അറസ്റ്റിലായ അല്ലു അര്‍ജുന് വൈകുന്നേരത്തോടെ തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചുവെങ്കിലും ജാമ്യ ഉത്തരവ് ജയിലില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് രാത്രി മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വന്നിരുന്നു. പുലര്‍ച്ചെയാണ് താരം മോചിതനായത്. 

അതേസമയം, അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ തെലങ്കാന സര്‍ക്കാരിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. പബ്ലിസിറ്റി സ്റ്റണ്ടാണ് അറസ്റ്റ് നടപടിയെന്നും തിയറ്ററില്‍ മതിയായ സുരക്ഷ ഒരുക്കാതിരുന്നതിന്‍റെ വീഴ്ച സംസ്ഥാന സര്‍ക്കാരിനാണെന്നും കോണ്‍ഗ്രസിന് കലാകാരന്‍മാരോട് ബഹുമാനമില്ലെന്നും കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് കുറ്റപ്പെടുത്തി. 

ENGLISH SUMMARY:

Telugu superstar Allu Arjun stated that he is not at fault for the death of a young woman during the release event of Pushpa 2. He emphasized that he is abiding by the law and will not evade the situation. After being released from jail, he expressed his support for the deceased woman's family.