TOPICS COVERED

തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷിന്‍റെ വിവാഹ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. ദീര്‍ഘ കാലത്തെ പ്രണയത്തിനു ശേഷമുള്ള വിവാഹം ഇരുവര്‍ക്കും പ്രണയ സാഫല്യമാണ്. ഗോവയില്‍ ഡിസംബര്‍ 12നായിരുന്നു വിവാഹം. വിവാഹച്ചടങ്ങിന്‍റെ ചിത്രങ്ങളും കീര്‍ത്തി ധരിച്ച വിവാഹസാരിയും നേരത്തെ ഫാഷന്‍ ലോകത്ത് ഇടംപിടിച്ചിരുന്നു. ഇപ്പോളിതാ ക്രിസ്ത്യന്‍ മതാചാര പ്രകാരമുള്ള വിവാഹചടങ്ങുകളുടെയും ചിത്രങ്ങളും വൈറലാകുന്നു. 

ഹിന്ദുമതാചാര പ്രകാരമുള്ള ചടങ്ങള്‍ക്കു ശേഷം ക്രിസ്ത്യന്‍ മതാചാര പ്രകാരമുള്ള വിവാഹചടങ്ങുകളും നടന്നിരുന്നു. ഇതിന്‍റെ ചിത്രങ്ങളാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ കീര്‍ത്തി പങ്കുവച്ചിരിക്കുന്നത്. ചടങ്ങുകള്‍ക്കുശേഷം ഇരുവരും പ്രണയാതുരരായി ചുംബിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുകയാണ്. വെളുത്ത ഗൗണിൽ കീര്‍ത്തിയും അതേ നിറത്തിലുള്ള സ്യൂട്ടില്‍ ആന്‍റണി തട്ടിലുമെത്തി. 

ഡിസംബർ12ന് തമിഴ് ബ്രാഹ്മണാചാരപ്രകാരം നടന്ന വിവാഹത്തില്‍ പരമ്പരാഗത മഡിസാര്‍ സാരി ധരിച്ചാണ് കീര്‍ത്തിയെത്തിയത്. പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെയാണ് കീര്‍ത്തിയുടെ വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. മഞ്ഞയും പച്ചയും ചേര്‍ന്ന കാഞ്ചിപുരം സാരി വൈര ഊസി എന്ന പരമ്പരാഗത രീതിയിലൂടെയാണ് നെയ്‌തെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്‍പത് മീറ്റര്‍ നീളമുളള സാരിയില്‍ ഡോള്‍ഡന്‍ സെറി വര്‍ക്കും ചേര്‍ത്തിട്ടുണ്ട്. സാരിയുടെ ഏറ്റവും വലിയ പ്രത്യേകത കീര്‍ത്തിയെഴുതിയ പ്രണയകവിത സാരിയില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട് എന്നതാണ്. 405 മണിക്കൂറെടുത്താണ് ഈ വിവാഹസാരി നെയ്തെടുത്തത്. 

പ്രശാന്ത് ദയാനന്ദ്, യോഗാനന്ദം, കന്തവേല്‍. സുഭാഷ്, ശേഖര്‍, ശിവകുമാര്‍, കണ്ണിയപ്പന്‍, കുമാര്‍ എന്നീ നെയ്ത്ത് കലാകാരന്‍മാരാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരമ്പരാഗത ശൈലിയിലായിരുന്നു കീര്‍ത്തി ആന്‍റണി വിവാഹം. വിവാഹസാരിമുതല്‍ ആഭരണം വരെ തമിഴ് ബ്രാഹ്മണ വിവാഹത്തിന്‍റെ തനത് ശൈലിയിലാണ് ഒരുക്കിയിരുന്നതും. ആന്‍റണിയുമൊത്തുളള വിവാഹചിത്രങ്ങള്‍ കീര്‍ത്തി തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമാതാരങ്ങളടക്കം ഒട്ടേറെ പേരാണ് താരത്തിന് വിവാഹാശംസകളുമായെത്തിയത്.

ENGLISH SUMMARY:

South Indian star Keerthy Suresh ties the knot in a dreamy wedding with both Hindu and Christian rituals in Goa. Pictures of the ceremonies are winning hearts on social media.