വില്ലേജ് ഓഫീസിലെ ജീവനക്കാരന്‍റെ വ്യത്യസ്തമായ വിവാഹക്കത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ആലപ്പുഴ തണ്ണീർമുക്കം സ്വദേശി ഭജലാലിന്റെയും, വെള്ളിയാകുളം ഗവ. യു.പി സ്‌കൂളിലെ അധ്യാപിക ആതിരാ വിനോഷിന്റെയും കല്യാണക്കത്താണ് വൈറലാവുന്നത്. വില്ലേജ് ഓഫീസിലാണല്ലോ പയ്യന് പണി, അതുകൊണ്ടുതന്നെ, ഈ ക്ഷണക്കത്ത് നികുതി ചീട്ട് രൂപത്തിലാണ് അച്ചടിച്ചിരിക്കുന്നത്. നാളെയാണ് ഇവരുടെ വിവാഹം.
എറണാകുളം പള്ളുരുത്തി വില്ലേജ് ഓഫീസിലാണ് ഭജലാൽ ജോലി ചെയ്യുന്നത്. വരന്റെയും വധുവിന്റെയും പേര്, അഡ്രസ്, വിവാഹസ്ഥലം, സമയം തുടങ്ങി എല്ലാ വിവരങ്ങളും നികുതി ചീട്ടിന്‍റെ രൂപത്തിലാണ്. ആകെയൊരു വ്യത്യാസം മാത്രമേ ഇതിനുള്ളൂ.. അത് കല്യാണക്കുറിയുടെ മുകളിലെ മുദ്രയാണ്! സര്‍ക്കാര്‍ മുദ്രയ്ക്കുപകരം ഗണപതിയുടെ ചിത്രമാണ് ഇതിലുള്ളത്.
കല്ല്യാണക്കുറി കണ്ടവരെല്ലാം രണ്ടാമതൊന്ന് കൂടിയൊന്ന് നോക്കും, ഇതെന്താ സംഭവം എന്നറിയാന്‍. ഇത് കരമടച്ച രസീതാണോ, കല്ല്യാണക്കുറിയാണോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വരന്റെ ജില്ല, താലൂക്ക്, വില്ലേജ് തുടങ്ങി എല്ലാ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. വധൂവരന്‍മാരുടെ മാതാപിതാക്കളുടെ വിവരവും ഇതിനൊപ്പം തന്നെ നൽകിയിട്ടുണ്ട്. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് റിസപ്ഷന്‍ നടക്കുന്ന സ്ഥലം ഏതാണെന്ന് ഉറപ്പുവരുത്താനുള്ള സൗകര്യവും കത്തിലുണ്ട്.