ആദ്യ സിനിമ തിയറ്ററുകളിലെത്തിയിട്ട് 20 വര്‍ഷമായതിന്‍റെ ഓര്‍മ പങ്കുവച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഒപ്പം നടന്നവര്‍ക്കും സ്നേഹിച്ചവര്‍ക്കും വെറുത്തവര്‍ക്കും താരം നന്ദി പറഞ്ഞത്. ലാല്‍ജോസ് ചിത്രമായ രസികന്‍ ആയിരുന്നു മുരളി ഗോപിയുടെ ആദ്യ സിനിമ.

കുറിപ്പിങ്ങനെ: 'എന്റെ ആദ്യ ചലച്ചിത്രം തിയേറ്ററുകളിൽ എത്തിയിട്ട് 20 വർഷം തികയുന്ന ഈ വേളയിൽ, തിരിഞ്ഞു നോക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് ഈ ഷോട്ടാണ്. 'രസികന്റെ' ലൊക്കേഷൻ. കൊച്ചിയിലെ രവിപുരത്തെ ഒരു കോളനി. മേഘാവൃതമായ പകൽ. ഗ്രൗണ്ട് ലെവലിൽ രാജീവ് രവി ഫ്രെയിം വെച്ചു. ലാൽ ജോസ് പറഞ്ഞു: 'വലത് കാൽ വച്ച് കയറിക്കോ...നടന്നോ...' ഞാൻ കയറി. നടന്നു. 

നാളിതുവരെ, എന്റെ സിനിമാപ്രവർത്തനങ്ങളെ പ്രോല്‍സാഹിപ്പിച്ചവർക്ക് നന്ദി. നിരുല്‍സാഹികൾക്കും നന്ദി. പുകഴ്ത്തിയവർക്കും ഇകഴ്ത്തിയവർക്കും നന്ദി. സ്നേഹിച്ചവർക്കും വെറുത്തവർക്കും നന്ദി. കടന്ന് വന്ന വഴികളിൽ, വെളിച്ചവും ഊർജ്ജവും നൽകിയ നിങ്ങളേവരുടെയും മുന്നിൽ എന്റെ വന്നതും വരാനിരിക്കുന്നതുമായ എല്ലാ ശ്രമങ്ങളും സമർപ്പിച്ചുകൊണ്ട് യാനം തുടരട്ടെ'. 

രസികനില്‍ വില്ലന്‍ വേഷത്തിലായിരുന്നു മുരളിഗോപിയുടെ അരങ്ങേറ്റം. ചിത്രത്തിലെ തന്നെ 'ചാഞ്ഞു നിക്കണ പൂത്തമാവിന്‍റെ' എന്ന പാട്ടും പാടി. പിന്നാലെ ഭ്രമരം, ഗദ്ദാമ, ഈ അടുത്ത കാലത്ത്, താപ്പാന, ടിയാന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, എന്നിങ്ങനെ ലൂസിഫറും പിന്നിട്ട് ആ യാത്ര വളര്‍ന്നു. എംപുരാനാണ് മുരളിഗോപിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.

ENGLISH SUMMARY:

Actor and screenwriter Murali Gopy shared memories on the 20th anniversary of his debut film's release. In a heartfelt Facebook post, he expressed gratitude to everyone who supported, loved, and even criticized him along the way. Murali Gopy’s first film was 'Rasikan', directed by Lal Jose.