കഥാപാത്രങ്ങള്‍ക്കും ഒാര്‍മകള്‍ക്കും പ്രായമാകില്ലെന്നതിന് തെളിവായിരുന്നു നിശാഗന്ധിയിലെ പഴയകാല നടികളുടെ ഒത്തുചേരല്‍. 1950 മുതല്‍ 85 കാലഘട്ടത്തെ നടികളായ ടി ആർ ഓമന മുതൽ ശാന്തികൃഷ്ണ വരയുള്ള അഭിനേത്രികളാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി ഒത്തുകൂടിയത്. സാംസ്കാരിക വകുപ്പിന്‍റെ നേതൃത്വത്തില്‍ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 'മറക്കില്ലൊരിക്കലും' എന്ന പരിപാടിയിലാണ് താരങ്ങള്‍ ഒത്തുകൂടിയത്.
ഒാര്‍മകളുടെ ചെല്ലം തുറന്നവര്‍ വീണ്ടും ചിരിച്ചു. മലയാള സിനിമയുടെ ബ്ലാക്ക് ആന്‍റ് വൈറ്റ് കാലം മുതല്‍ കലയെ അവിസ്മരണീയമാക്കിയ നടികളെയാണ് കാലങ്ങള്‍ക്ക് ശേഷം ഒരു വേദിയില്‍ ഒരുമിച്ച് കാണാനായത്. ചലച്ചിത്ര മേളയുടെ ഭാഗമായി പഴയകാല സ്മരണകളിൽ ഒഴിച്ചുകൂടാനാകാത്ത 21 അഭിനേത്രികൾ നിശാഗന്ധിയില്‍ വേദിയിൽ ഒത്തുചേർന്നു.
പഴയകാല താരങ്ങളായ ടി ആർ ഓമന മുതൽ ശാന്തികൃഷ്ണ വരയുള്ളവർ ചടങ്ങിന് തിളക്കമേകി. മുൻകാല നടിമാരായ രാജശ്രീ, കെ ആർ വിജയ, മല്ലിക സുകുമാരൻ, മേനക, ജലജ, വിധുബാല തുടങ്ങിയവരും ആദരവ് ഏറ്റുവാങ്ങാനെത്തി.
സ്ത്രീ പ്രാധിനിത്യം നിറഞ്ഞ മേളയിൽ ഇങ്ങനെ ഒരു കൂടിച്ചേരൽ സാധ്യമാക്കിയ സന്തോഷം അക്കാദമി ചെയർമാൻ പ്രേം കുമാറും പങ്കുവച്ചു.
മലയാള സിനിമയുടെ ശൈശവകാലം മുതൽ വെള്ളിയതിരയിലുണ്ടായിരുന്ന താരങ്ങളെ മന്ത്രി സജി ചെറിയാൻ പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും അനുമോദിച്ചു. ചടങ്ങിന് മുന്നോടിയായി സംകാരിക വകുപ്പ് ഒരുക്കിയ ചായ സൽക്കാരത്തിലും താരങ്ങൾ പങ്കെടുത്തു. മന്ത്രി സജി ചെറിയാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഒത്തുചേരലിന് അവസരം ലഭിച്ച സന്തോഷവും ഇവര്‍ പങ്കുവെച്ചു.