അടുത്തിടെ അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് ബൊഗയ്ൻവില്ല. ജ്യോതിര്‍മയിയുടെ തിരിച്ചുവരവും വ്യത്യസ്തമായ സമീപനവും, വൈറല്‍ പാട്ടുകളുമൊക്കെയായി ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ കൊണ്ട് തന്നെ ചിത്രത്തിന് മികച്ച പ്രതികരണവുമുണ്ടായി. എന്നാല്‍ ഒടിടി റിലീസിന് പിന്നാലെ ക്ലൈമാക്സിനെ ചൊല്ലി വ്യാപകമായ വിമര്‍ശനമാണ് ചിത്രം ഏറ്റുവാങ്ങുന്നത്.
ക്ലൈമാക്സില്‍ ശ്രിന്ദ കൈകാര്യം ചെയ്യുന്ന രമ എന്ന കഥാപാത്രത്തിന്‍റെ ഡയലോഗാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നത്. സ്ത്രീപക്ഷ സിനിമയാക്കാന്‍ നിര്‍ബന്ധപൂര്‍വം എഴുതിയ ക്ലൈമാക്സ് പോലെയാണ് അനുഭവപ്പെട്ടതെന്നും ആ സിനിമയിലെ ഏറ്റവും ശക്തനായ പ്രതിനായക കഥാപാത്രത്തെ നിമിഷനേരം കൊണ്ട് ഒന്നുമല്ലാതാക്കാനാണ് ശ്രമിച്ചതെന്നുമൊക്കെയാണ് വിമര്‍ശനങ്ങള്‍. അതുവരെയുള്ള സിനിമയുമയുടെ ഒഴുക്കുമായി ഒട്ടും ചേരാത്ത ഒന്നാണ് ക്ലൈമാക്സിലെ ഈ സംഭാഷണമെന്ന അഭിപ്രായവുമുണ്ട്.
ഒരു സിനിമയെ ഒന്നുമല്ലാതാക്കിയ ഡയലോഗ് എന്നുള്ള വിശേഷണം ഇതിന് ചേരും എന്നാണ് ഒരുകൂട്ടരുടെ വാദം. തിയറ്ററില്‍ ഹിറ്റടിച്ച പല സിനിമകള്‍ക്കും ഒടിടിയില്‍ ഇത്തരത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ബോഗയ്ന്‍വില്ലയില്‍ സ്ഥിതി ഒരല്‍പ്പം വ്യത്യസ്തമാണ്. ക്ലൈമാക്സ് സീനിലെ ഒരു ഡയലോഗ് ഒഴിച്ചുനിര്‍ത്തിയാല്‍ ഒടിടി പ്രേക്ഷകര്‍ക്കും സിനിമ ഇഷ്ടപ്പെട്ടിട്ടുണ്ട്. പലരും വിമര്‍ശനങ്ങള്‍ക്കൊപ്പം അത് തുറന്നു സമ്മതിക്കുന്നുമുണ്ട്.
ലാജോ ജോസഫിന്‍റെ റൂത്തിന്‍റെ ലോകം എന്ന നോവല്‍ ആസ്പദമാക്കി എടുത്ത ചിത്രത്തിന്‍റെ തിരക്കഥ അമല്‍ നീരദും ലാജോ ജോസഫും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ഷറഫുദ്ദീന്‍, ശ്രിന്ദ,വീണ നന്ദകുമാര്‍, എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിച്ചെത്തുന്നു എന്നതിനൊപ്പം ഏറെ നാളുകള്‍ക്ക് ശേഷം ജ്യോതിര്‍മയി അഭിനയിക്കുന്നു എന്ന പ്രത്യേകതകളുമുണ്ട് ബൊഗെയ്ന്വില്ലക്ക്. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.