സോഷ്യല്‍ മീഡിയ ഭരിക്കാന്‍ വീണ്ടും കിടിലന്‍ ഡാന്‍സുമായി എത്തിയിരിക്കുകയാണ് നടന്‍ ബിജുക്കുട്ടന്‍. മകള്‍ക്കൊപ്പം ചുവടുവെക്കുന്ന താരത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുകയാണ്. പുഷ്പ 2വിലെ ഗാനത്തിനാണ് താരവും മകളും ചുവടുവെച്ചത്.

അല്ലു സ്റ്റൈലില്‍ മുണ്ടുടുത്താണ് പുഷ്പയിലെ പീലിങ്ങ്സിന് മണിക്കുട്ടന്‍ ചുവടുവെക്കുന്നത്. ബാഗീ ജീന്‍സും ടീ ഷര്‍ട്ടുമാണ് മകളുടെ വേഷം. വീടിന്‍റെ സ്വീകരണമുറിയില്‍ വച്ചാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പങ്കുവെച്ച് മണിക്കുറുകള്‍ പിന്നിടുമ്പോഴേക്കും വിഡിയോ മില്യണ്‍ കാഴ്ചക്കാരെയാണ് നേടിയത്. സന്തൂര്‍ ഡാഡിയെന്നും അച്ഛനും മകളും സൂപ്പറാണ് എന്നുമൊക്കെയാണ് കമന്‍റുകള്‍.

അച്ഛന്‍റെയും മകളുടെയും മെയ്‍വഴക്കവും ചടുലതയുമാണ് വിഡിയോ ശ്രദ്ധ നേടാനുള്ള കാരണം. സോഷ്യല്‍ മീഡിയയില്‍ ഈ അച്ഛന്‍ മകള്‍ കോംമ്പോ വര്‍ക്ക് ചെയ്യുന്നത് ഇതാദ്യമല്ല. ഇതിന് മുന്‍പും ട്രെന്‍ഡിങ്ങ് പാട്ടുകള്‍ക്ക് ചുവടുവെച്ച് ഇരുവരും വൈറലായിരുന്നു. 

പുഷ്പ 2നു വേണ്ടി ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ഗാനമാണ് ‘പീലിങ്സ്’. ശങ്കർ ബാബുവും ലക്ഷ്മി ദാസയും ചേർന്നു ഗാനം ആലപിച്ചു. ഇതിനോടകം തന്നെ അഞ്ചുലക്ഷത്തോളം പേരാണ് പാട്ട് ആസ്വദിച്ചത്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിലെ ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്‍പന്തിയിലാണ് ഗാനം. 

ENGLISH SUMMARY:

Bijukutty and his daughter's dance goes viral