വിവാഹവാര്‍ത്ത പങ്കുവച്ച സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമണുമായ സീമ വിനീത്. വ്ലോഗിലൂടെയാണ് സീമ തന്‍റെ വിശേഷം പങ്കുവച്ചിരിക്കുന്നത്. ഇതൊരു സ്പെഷ്യല്‍ വിഡിയോയാണ്, സന്തോഷമുള്ള ദിവസം എന്നുപറഞ്ഞാണ് സീമ വ്ലോഗ് തുടങ്ങുന്നത്. പ്രതിശ്രുത വരന്‍ നിശാന്തും വിഡിയോയിലുണ്ട്. വിദേശത്തുള്ള നിശാന്ത് അവിടെ നിന്ന് വ്ലോഗായി വിഡിയോ ചിത്രീകരിച്ചിരിക്കുന്നതാണ് സീമ വിനീതിന്‍റെ വിഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരുമിച്ചില്ലെങ്കിലും രണ്ടിടത്തായി നിന്ന് വിഡിയോ ചെയ്യാമല്ലോ എന്നാണ് നിശാന്ത് പറയുന്നത്. നേരത്തെ ഇരുവരും രജിസ്റ്റര്‍ വിവാഹം നടത്തിയിരുന്നു. താലികെട്ട് നടത്തി പുതിയ ജീവിതത്തിലേക്ക് കടക്കണമെന്നാണ് രണ്ടുപേരുടെയും ആഗ്രഹം അതിനായുള്ള കാത്തിരിപ്പിലായിരുന്നു ഇതുവരെ എന്നാണ് ഇരുവരും പറയുന്നത്. വിവാഹനിശ്ചയം കഴിഞ്ഞ ഉടനെ തന്നെ രജിസ്റ്റര്‍ ചെയ്തു. ഒരു വര്‍ഷം കഴിഞ്ഞ് മതി വിവാഹം എന്നായിരുന്നു തീരുമാനം. ഇനി അത് വച്ചു താമസിപ്പിക്കുന്നില്ല. തീയതിയും മുഹൂര്‍ത്തവും കുറിച്ചു. ഏറ്റവും അടുത്ത വേണ്ടപ്പെട്ടവര്‍ മാത്രം പങ്കെടുക്കുന്ന ഒരു ചടങ്ങ്. രണ്ട് കുടുംബത്തിലെയും ആദ്യത്തെ കല്യാണമാണ് എന്നാണ് വിഡിയോയില്‍ പറയുന്നത്.
നേരത്തെ രജിസ്റ്റര്‍ വിവാഹത്തിന്‍റെ വാര്‍ത്തയും സീമ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. കൊട്ടും കുരവയും ആരവങ്ങളും ആള്‍ക്കൂട്ടവുമില്ലാതെ; ഔദ്യോഗികമായി വിവാഹം കഴിച്ചു എന്ന കുറിപ്പോടെയാണ് സീമ വിവാഹചിത്രം പങ്കുവെച്ചത്. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷയുമായി നില്‍ക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു ഈ കുറിപ്പ്. അതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് വിവാഹത്തിൽ നിന്നും പിന്മാറുന്നതായി അറിയിച്ചു കൊണ്ട് സീമ മറ്റൊരു കുറിപ്പ് പങ്കുവച്ചിരുന്നു. വിവാഹനിശ്ചയത്തിനു പിന്നാലെയായിരുന്നു ഇത്.
‘ഒരുപാട് ആലോചിച്ചതിനു ശേഷം, പരസ്പരം ബഹുമാനം കാത്തു സൂക്ഷിക്കുന്നതിനിടയിൽ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹനിശ്ചയത്തിന്റെ 5 മാസത്തെ ബന്ധത്തിനു ശേഷം വേർപിരിയാൻ തീരുമാനിച്ചു. ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തിൽ ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങൾ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും അഭ്യർഥിക്കുന്നു. ഞങ്ങൾ വേർപിരിഞ്ഞത് അംഗീകരിച്ചു കൊണ്ട്, ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്തു വളരെ അധികം വിനയപൂർവം നിങ്ങളെ അറിയിക്കുന്നു’ എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
തൊട്ടുപിന്നാലെ ചേർത്തുനിർത്തിയ ചിലതൊന്നും വിട്ടുകളയാനാകില്ലെന്ന് പറഞ്ഞ് നിശാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച സീമ മുന്‍പിട്ട പോസ്റ്റ് പിന്‍വലിച്ചു. ‘പരസ്പരം മനസിലാക്കുന്ന ബന്ധങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വിള്ളലുകൾ സംഭവിച്ചാൽ പരസ്പരം ക്ഷമിച്ചു മുന്നോട്ട് പോകുമ്പോഴാണ് ആ ബന്ധങ്ങൾ നിലനിൽക്കുന്നത്.. അത് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് കടന്ന് പോയത്.. ഇതിനോടകം പലരെയും മനസിലാക്കാനും പറ്റി.. നമ്മുടെ ജീവിതം നമ്മളാണ് തീരുമാനിക്കുന്നത്, ചേർത്ത് നിർത്തിയ ചിലതൊന്നും അങ്ങനെ വിട്ടുകളയാൻ കഴിയില്ലന്നേ .. കൂടെ നിന്നവരോട് സ്നേഹം..’ എന്നായിരുന്നു സീമ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.