പത്തനംതിട്ട മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച നിഖിലിനെയും അനുവിനെയും കുറിച്ച് പറയുമ്പോള്‍ വിങ്ങിപ്പൊട്ടി അയല്‍വാസികള്‍. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരുമെന്നും ദീര്‍ഘകാലമായി സൗഹൃദത്തിലായിരുന്ന കുടുംബങ്ങള്‍ നല്ല രീതിയില്‍ സഹകരിച്ച് നടത്തിയ വിവാഹമായിരുന്നു നിഖിലിന്‍റേതും അനുവിന്‍റേതുമെന്നും നാട്ടുകാര്‍ പറയുന്നു. തീര്‍ത്തും അപ്രതീക്ഷിതമാണ് അപകടമെന്നും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ നടുക്കത്തോടെ പറയുന്നു.
ഒരേ ഇടവകയിലെ അംഗങ്ങളായിരുന്നു അനുവും നിഖിലും. മുസലിയാര്‍ എഞ്ചിനീയറിങ് കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഉപരിപഠനത്തിനായി കാനഡയിലേക്ക് പോയി അവിടെ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു നിഖില്‍. നവംബര്‍ 25നാണ് വിവാഹത്തിനായി നാട്ടിലേക്ക് എത്തിയത്. എംഎസ്ഡബ്ല്യു പാസായ അനുവും നിഖിലിനൊപ്പം വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപകടം ജീവന്‍ കവര്‍ന്നത്.
വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അഭിമാനമായിരുന്നു നിഖിലെന്നും പറയാന്‍ വാക്കുകളില്ലെന്നും സഹിക്കാന്‍ കഴിയാത്ത സങ്കടമാണിതെന്നും അയല്‍വാസി മനോരമന്യൂസിനോട് പറഞ്ഞു. നാട്ടുകാരോടും അയല്‍വാസികളോടും ഇടവകാംഗങ്ങളോടും സ്നേഹത്തോടും സൗഹൃദത്തോടും കൂടിയാണ് ഇരുകുടുംബങ്ങളും ഇടപെട്ടിരുന്നതെന്നും നവംബര്‍ 30നാണ് ഇരുവരും വിവാഹിതരായതെന്നും അയല്‍വാസികള്‍ വെളിപ്പെടുത്തി.
മധുവിധുവിന് ശേഷം മലേഷ്യയില്‍ നിന്നും മടങ്ങിവന്ന അനുവിനെയും നിഖിലിനെയും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി കൂട്ടിക്കൊണ്ട് വരികയായിരുന്നു പിതാക്കന്‍മാരായ ബിജുവും മത്തായി ഈപ്പനും. പുലര്‍ച്ചെ നാലരയോടെ മുറിഞ്ഞപുഴയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ ആന്ധ്രയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വച്ചും അനു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.