marco-producer-sherief-muhammad

TOPICS COVERED

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് 'മാർക്കോ'. ദി മോസ്റ്റ് വയലെന്റ് ഫിലിം എന്ന ടാഗ്ലൈനിൽ ഒരുങ്ങുന്ന സിനിമ നാളെ തിയേറ്ററുകളിലെത്തും. ചിത്രം റിലീസ് ചെയ്യാൻ ഒരുദിവസം മാത്രം ബാക്കി നിൽക്കെ നിർമാതാവായ ഷെരീഫ് മുഹമ്മദിന് നന്ദി അറിയിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ ആശംസകൾ അറിയിച്ചത്. സിനിമയെക്കുറിച്ചുള്ള ഷെരീഫിന്റെ കാഴ്ചപ്പാട് പ്രചോദനകരമാണെന്നും അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും വിശദാംശങ്ങളോടുള്ള ശ്രദ്ധയും കൊണ്ടാണ് മാർക്കോ ഇന്നൊരു മികച്ച സിനിമയായി മാറിയതെന്നും ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കത്തിൽ കുറിച്ചു.

ഈ യാത്രയിലുടനീളം നിങ്ങളുടെ അസാധാരണമായ അർപ്പണബോധത്തിനും പ്രൊഫഷണലിസത്തിനും വ്യക്തിപരമായി നന്ദി പറയാൻ ഞാൻ ഒരു നിമിഷം ആഗ്രഹിക്കുന്നു. നിങ്ങളുടെ ആദ്യ സംരംഭമായി മാർക്കോയ്ക്കൊപ്പം സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്ന ഒരു നിർമ്മാണ കമ്പനി എന്ന നിലയിൽ, നിങ്ങൾ ശരിക്കും ഉയർന്ന നിലവാരം പുലർത്തി. നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയും വിശദാംശങ്ങളോടുള്ള ശ്രദ്ധയും കൊണ്ടാണ് മാർക്കോ ഇന്നൊരു മികച്ച സിനിമയായി മാറിയത് എന്നായിരുന്നു ഉണ്ണി പറഞ്ഞത്. 

ഞാനും ഉണ്ണി മുകുന്ദൻ ഫിലിംസും (UMF) നിങ്ങൾക്കും ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സിനും അത്തരമൊരു അവിശ്വസനീയമായ പങ്കാളിയായതിന് ഞങ്ങളുടെ ഊഷ്മളമായ ആശംസകൾ അറിയിക്കുന്നു. നിങ്ങളോടൊപ്പം പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ട്. സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് പ്രചോദനകരമാണ്, അത് അസാധാരണമായ ഒന്നായി മാറുമെന്നതിൽ എനിക്ക് സംശയമില്ല. നിങ്ങൾ കൊണ്ടുവരുന്ന അഭിനിവേശവും പുത്തൻ സമീപനവും മലയാള സിനിമാ വ്യവസായത്തിന് വേണ്ടത് തന്നെയാണ്, ക്യൂബിന്റെ ഭാവി എന്തായിരിക്കുമെന്ന് കാണാൻ ഞാൻ ആവേശത്തിലാണ്. നിങ്ങളുടെ സ്വാധീനത്തിൽ UMF വളരെയധികം വളർന്നുവെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. 

മാർക്കോ നാളെ ലോകമെമ്പാടുമുള്ള സ്‌ക്രീനുകളിൽ എത്തുമ്പോൾ, ഇത് നിങ്ങളുടെ സ്വപ്നങ്ങളുടെയും നമ്മൾ തമ്മിലുള്ള വിജയകരമായ നിരവധി സഹകരണങ്ങളുടെയും തുടക്കം മാത്രമാണ്. പ്രിയ ഷെരീഫ്, മാന്ത്രിക ലോകത്തേക്ക് സ്വാഗതം. സഹോദരാ, നിങ്ങൾക്ക് എന്തിനും എന്നെ ആശ്രയിക്കാമെന്നും ഉണ്ണി ഷെരീഫിന് എഴുതിയ കത്തിൽ പറഞ്ഞു. 

മാർക്കോയുടെ ടീസറും പ്രോമോഷൻ ഗാനങ്ങളും നൽകിയ സൂചനകൾ ശരിവെച്ചുകൊണ്ട് വയലൻസ് സിനിമകൾക്ക് നൽകുന്ന എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് 'മാർക്കോ'യ്ക്ക് നൽകിയത്. നേരത്തെ മലയാളത്തിൽ ഇറങ്ങുന്ന ഏറ്റവും വലിയ വയലൻറ്  ചിത്രമായിരിക്കും 'മാർക്കോ'യെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജഗദീഷ് അടക്കമുള്ള നടന്മാർ ഇതിനെ കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. ഇതിനെ ശരിവെക്കുന്ന തരത്തിലാണ് സെൻസർ ബോർഡ് ഇപ്പോൾ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആയിരുന്നു സെൻസർ ബോർഡ് നൽകിയിരുന്നത്. ചിത്രം ഡിസംബർ 20 ന് ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തും. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ പ്രതീക്ഷയോടെയാണ് മലയാളി സിനിമാ പ്രേക്ഷകർ 'മാർക്കോ'യെ കാത്തിരിക്കുന്നത്.

മാർക്കോ'യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള വിവിധ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ ആരംഭിച്ചിട്ടമുണ്ട്. കേരള സ്പീക്കർ എ.എൻ ഷംസീർ ആണ് ഔദ്യോഗികമായി ടിക്കറ്റ് ബുക്കിംഗിന് തുടക്കമിട്ടത്. ഡിസംബർ 20ന് ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ 5 ഭാഷകളിലായി ചിത്രമെത്തും. ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ ആയിരത്തിലേറെ ടിക്കറ്റുകളാണ് ബുക്കായിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകർ ഈ വർഷം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളുടെ ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുമുണ്ട് 'മാർക്കോ'. ഐഎംഡിബി പട്ടികയിലെ ആദ്യ 5 സ്ഥാനങ്ങളിൽ ആകെയുള്ള മലയാളം സിനിമയും 'മാർക്കോ' മാത്രമാണ് എന്നതാണ് ശ്രദ്ധേയം. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനായി ഒരുങ്ങുന്നത്. കയ്യിൽ മെഷീൻ ഗണ്ണുമായി ഉണ്ണി മുകുന്ദൻ നിൽക്കുന്ന ഹെവി മാസ്സ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഏറെ വൈറലാണ്. സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസത്തോടെ നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുകയുമാണ് ക്യൂബ്‌സ്  എന്റർടെയ്ൻമെന്റ്‌സ്. 

ഉണ്ണി മുകുന്ദൻ തൻറെ കരിയറിലെ ഏറ്റവും വലിയ സിനിമയുമായി എത്തുമ്പോൾ ചിത്രത്തെ കുറിച്ച് ഹൈപ്പ് പതിന്മടങ്ങായി വർദ്ധിച്ചിട്ടുമുണ്ട്. ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്‌സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിലേതായി ഇറങ്ങിയ ചങ്കിടിപ്പേറ്റുന്ന ടീസർ ഇതിനകം 5.5 മില്യണിലേറെ കാഴ്ചക്കാരെയാണ് യൂട്യൂബിൽ സ്വന്തമാക്കിയിരിക്കുന്നത്. സിനിമയിലെ ആദ്യ സിംഗിൾ ബ്ലഡ് ഡബ്‌സിയുടേയും സന്തോഷ് വെങ്കിയുടേയും ശബ്ദത്തിലെത്തി സോഷ്യൽമീഡിയ മുഴുവൻ കീഴടക്കിയിരുന്നു.  മൂന്നാമതായെത്തിയ ബേബി ജീൻ പാടിയ മാർപ്പാപ്പ ഗാനവും തരംഗമായി. മൂന്ന് ഗാനങ്ങളും യൂട്യൂബ് മ്യൂസിക് ട്രെൻഡിംഗ് ലിസ്റ്റിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലും എത്തിയിരുന്നു. മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള മോസ്റ്റ് വയലൻറ് ഫിലിം എന്ന ലേബലിൽ എത്തുന്ന 'മാർക്കോ'യുടെ സംഗീതമൊരുക്കുന്നത് 'കെ.ജി.എഫ്', 'സലാർ' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിൻറെ  മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. എല്ലാ അർത്ഥത്തിലും വയലൻസിൻറെ അങ്ങേയറ്റമാണെന്ന് അടിവരയിട്ടുകൊണ്ട് പുറത്തിറങ്ങിയ 'മാർക്കോ' ടീസറിന് പിന്നാലെ ഏവരും ആകാംക്ഷയോടെയാണ് സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്. 

പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിൻറേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങൾ സിനിമയിലുണ്ടാകുമെന്നും സൂചനയുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാകും മാർക്കോ എന്നാണ് ഏവരുടേയും കണക്കുകൂട്ടൽ. സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററുകളും മേക്കിങ് വീഡിയോകളുമൊക്കെ സിനിമയ്ക്കായുള്ള ആകാംക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. 

അസാധാരണമായ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി 'മാർക്കോ' 5  ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റൺ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിൻറെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്. 

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്‌സിൻറെ ആദ്യ നിർമ്മാണ സംരംഭമാണ്. 'മിഖായേൽ' സിനിമയുടെ സ്പിൻഓഫായെത്തുന്ന 'മാർക്കോ'യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് മുഹമ്മദ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. 

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്‌സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എൻറർടെയ്ൻമെൻറ്, പിആർഒ: ആതിര ദിൽജിത്ത്.

ENGLISH SUMMARY:

With just one day left for the release of Marco, actor Unni Mukundan has expressed his gratitude to producer Sherief Muhammad.