തമിഴ് സിനിമ സംവിധായകന്‍ ശങ്കര്‍ ദയാല്‍ ചെന്നൈയില്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. നാല്‍പത്തിയേഴ് വയസ്സായിരുന്നു. 2012ല്‍ പുറത്തിറങ്ങിയ കാര്‍ത്തി നായകനായെത്തിയ ‘സഗുനി’ എന്ന ചിത്രത്തിലൂടെ വലിയരീതിയില്‍ ശ്രദ്ധപിടിച്ചുപറ്റിയ സംവിധായകനാണ് ശങ്കര്‍. തമിഴ് സിനിമാ മേഖലയില്‍ തന്‍റേതായ ഒരിടം കണ്ടെത്തിയ വ്യക്തികൂടിയാണ് അദ്ദേഹം എന്ന് സഹപ്രവര്‍ത്തകര്‍.

തന്‍റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി പത്രസമ്മേളനം നടത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ശങ്കറിന്‍റെ മരണം. സെന്തിലും യോഗി ബാബും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കുഴന്തൈകള്‍ മുന്നേട്ര കഴകം’ എന്ന ചിത്രം പൂര്‍ത്തിയാക്കാതെയാണ് ശങ്കറിന്‍റെ മടക്കം എന്നതും വേദനയാകുന്നു. കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവന്നത്. മികച്ച അഭിപ്രായമാണ് ടീസറിന് ലഭിച്ചതും. 

ശാരീരിക അവശത തോന്നുന്നു എന്നുപറഞ്ഞതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത് എന്ന് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. പെട്ടെന്ന് ശരീരമാകെ വിയര്‍ത്ത് കുളിച്ച അവസ്ഥയിലായ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ കൊണ്ടുവന്നു. അന്‍ജിയോഗ്രാം ചെയ്യുന്നതിനു തൊട്ടുമുന്‍പ് മരണം സംഭവിച്ചു എന്നാണ് വിവരം.

'ദീപാവലി' എന്ന സിനിമയുടെ സംഭാഷണ രചയിതാവായാണ് ശങ്കല്‍ സിനിമയില്‍ ചുവടുറപ്പിക്കുന്നത്. 2016ല്‍ പുറത്തിറങ്ങിയ ‘വീരധീര സൂരന്‍’ ആണ് ശങ്കറിന്‍റെ മറ്റൊരു ശ്രദ്ധേയ ചിത്രം. 

ENGLISH SUMMARY:

Tamil film director Shankar Dayal passed away. The filmmaker’s passing came just hours after he was supposed to attend a press meet for his highly anticipated film Kuzhandhigal Munnetra Kazhagam, but he was unable to make it due to health issues.