ചലച്ചിത്ര മേളയിൽ സിനിമ കാണാൻ നീണ്ട വരിയിൽ ക്യു നിൽക്കുമ്പോഴും റിസർവേഷനില്ലാതെ സിനിമ പ്രീമിയർ ചെയ്യപ്പെടുന്ന ഒരു സ്ഥലമുണ്ട്. കേരള ഫിലിം കോർപ്പറേഷൻ ഒരുക്കിയ ഫിലിം മാർക്കറ്റിന്റെ വ്യൂയിങ് റൂമിലാണ് പ്രദർശനം. ഐഎഫ്എഫ്കെയിൽ ഓൺലൈൻ റിസർവേഷനും ക്യു നിന്നിട്ടും സിനിമ കാണാത്തവർക്കൊരു ആശ്വാസമാണ് ഫിലിം മാർക്കറ്റിന്റെ വ്യൂയിങ് റൂം. ഏറ്റവുമൊടുവിൽ അനുറാം സംവിധാനം ചെയ്ത മറുവശം അടക്കം 31 സിനിമകളാണ് ഇതുവരെ ഇവിടെ പ്രീമിയർ ചെയ്തത്.
ചലച്ചിത്ര മേളയിൽ ഡെലിഗേറ്റുകൾ അല്ലാത്തവർക്കും വ്യൂയിങ് റൂമിലെ പ്രദർശനം കാണാൻ സാധിക്കുന്ന രീതിയിലാണ് ക്രമീകരണം. വ്യൂയിങ് റൂം സംവിധാനം വിപണി മൂല്യമുള്ള സിനിമകൾ കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായകരമാകുമെന്ന് സംവിധായകനും എംഎ നിഷാദ് പറഞ്ഞു.
സോഹൻ സീനുലാലിന്റെ'ഭാരത സർക്കസ്, അനുറാമിന്റെ മറുവശം, ഗോപിക സൂരജിന്റെ 'റൂട്ട് മാപ്', രുധിരം' തുടങ്ങിയ ചിത്രങ്ങൾ മികച്ച പ്രതികരണം നേടിക്കഴിഞ്ഞു. മേളകൾ ചെറിയ സിനിമകൾക്കും ഇടം നൽകുന്നതിൽ സന്തോഷമെന്ന് മറുവശത്തിന്റെ പ്രീമിയറിന് ശേഷം നടൻ കൈലാഷ് പ്രതികരിച്ചു. ചെറിയ കൂട്ടായ്മയുടെ വലിയ പ്രത്നങ്ങൾക്ക് ലഭിക്കുന്ന അംഗീകരമാണ് iffk വ്യൂവിങ് റൂം പ്രദർശനമെന്ന് നടൻ ജയശങ്കർ പറഞ്ഞു. 35 പേർക്ക് ഇരിക്കാവുന്ന ഫുൾ എച്ച്ഡി സംവിധാനത്തിലാണ് തിയേറ്റർ ഒരുക്കിയിട്ടുള്ളത്. വരും വർഷങ്ങളിൽ സിനിമ ബസാർ ഒരുക്കുന്നതിനുള്ള മുന്നോടിയായാണ് വ്യൂവിങ് റൂം ഒരുക്കിയത്.