മലയാള സിനിമാ മേഖലയിലെ ഇന്‍റര്‍വ്യൂ സ്റ്റാര്‍, അതാണിപ്പോള്‍ ധ്യാൻ ശ്രീനിവാസന്‍റെ ലേബല്‍. താരം നല്‍കുന്ന അഭിമുഖങ്ങളെല്ലാം വൈറലാണ്. ഇപ്പോഴിതാ പുതിയ സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി ധ്യാന്‍ നല്‍കിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍  സൈബറിടത്ത് ചര്‍ച്ചയായിരിക്കുകയാണ്. 

വ്യാജ പ്രൊഫൈലുകളെ കുറിച്ചുള്ള ചോദ്യത്തിന് ധ്യാന്‍ ഒരുദാഹരണം പറയുകയാണ്. ‘അടുത്തിടെ കേട്ട ഒരു കാര്യമാണ്, എത്രത്തോളം സത്യമാണെന്ന് അറിയില്ല. ഒരു സൂപ്പര്‍സ്റ്റാര്‍ നടി, അവര്‍ക്ക് ഫേക്ക് ഐ.ഡി ഉണ്ട്. അതിലൂടെ പഴയ നടിമാരൊക്കെ തിരിച്ചു വരുന്നതായ പോസ്റ്റുകള്‍ക്കു താഴെ കമന്‍റ് ചെയ്യും. നീ പോടി അവിടുന്ന് നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ, എന്ന തരത്തിലുള്ള കമന്‍റുകളാണ് ഇടുന്നത്. പക്ഷേ ഇവരൊക്കെ കൂട്ടുകാരുമാണത്രേ. 

ഇതൊക്കെ സിനിമയില്‍ മാത്രം കണ്ടുവരുന്ന കാര്യമാണ്. ചിലര്‍ നമ്മുടെ കൂടെയുണ്ടെന്ന് തോന്നും. നമ്മളെ കാണുമ്പോള്‍ നല്ല അഭിപ്രായങ്ങളൊക്കെ പറയും. പക്ഷേ ഒന്നിങ്ങ് മാറുമ്പോഴാണ് ശരിക്കുമുള്ള സ്വഭാവം കാണിക്കുക. മാത്രമല്ല ഫേക്ക് ഐ.ഡികള്‍ ആണുങ്ങളെക്കാള്‍ കൂടുതല്‍ പെണ്ണുങ്ങള്‍ക്ക് ആണെന്നാണ് തോന്നുന്നത്’ എന്നാണ് ധ്യാന്‍ അഭിമുഖത്തിനിടെ പറയുന്നത്.

ജാങ്കോ സ്പേസ് ടിവി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാനിന്‍റെ തുറന്നുപറച്ചില്‍. അഭിമുഖത്തിലെ ഈ ഭാഗം സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘എന്നാലും ആരാണ് ആ പ്രമുഖ നടി?’ എന്ന ചോദ്യമാണ് കമന്‍റുകളില്‍ വന്ന് നിറയുന്നത്.

ENGLISH SUMMARY:

Dhyan Sreenivasan opens up about cyberbullying among film actors. He blames an actress who used to post negative comments on social media using a fake profile.