പുഷ്പ 2 റിലീസിനിടെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ച സ്ത്രീയുടെ കുടുംബത്തിന് 50ലക്ഷം നല്‍കി നിര്‍മാതാക്കളായ മൈത്രിമൂവി മേക്കേഴ്സ്. മരിച്ച രേവതിയുടെ ഭര്‍ത്താവ് ഭാസ്ക്കറിന്റെ കയ്യിലാണ് നിര്‍മാതാക്കള്‍ ചെക്ക് കൈമാറിയത്. നേരത്തേ നടന്‍ അല്ലു അര്‍ജുന്‍ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കിയിരുന്നു. ഡിസംബര്‍ 4നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രേവതി മരിക്കുകയും എട്ടുവയസുകാരനായ മകന് മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തിരുന്നു.
നിര്‍മാതാവ് നവീന്‍ യെര്‍നേനി 50ലക്ഷത്തിന്റെ ചെക്ക് കുടുംബത്തിനു കൈമാറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മന്ത്രി കൊമാട്ടി റെഡ്ഡിയും ഒപ്പമുണ്ടായിരുന്നു. സംവിധായകന്‍ സുകുമാറും ഭാര്യ തബിതയും ചേര്‍ന്ന് കുടുംബത്തിനു 5ലക്ഷം നല്‍കിയിരുന്നു. കുടുംബത്തിനു ആവശ്യമുള്ള പിന്തുണ മുന്‍പോട്ടും നല്‍കാന്‍ തയ്യാറാണെന്ന് നടന്‍ അല്ലു അര്‍ജുന്‍ പറഞ്ഞിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും തെലങ്കാന ഹൈക്കോടതി നടന് നാലാഴ്ച ജാമ്യം നല്‍കിയിരിക്കുകയാണ്. നടനെതിരെയും സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും തിയറ്റര്‍ മാനേജ്മെന്റിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.