അവയവദാനവുമായി ബന്ധപ്പെട്ടു നിൽക്കുന്ന കള്ളക്കളികള്‍ ഇതിവൃത്തമാക്കിയുള്ള ഫോട്ടോസ്റ്റോറി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അവയവദാനത്തിന്റെ മറവിൽ സംഘടിപ്പിക്കപ്പെടുന്ന മെഡിക്കൽ കാമ്പുകളും, അതുവഴി ആളുകളെ അപകടപ്പെടുത്തുന്നതും, ഒടുവിൽ ഇതെല്ലാം കർമ്മ ആയിത്തന്നെ തിരിച്ചടിക്കുന്നതുമാണ് കഥയിലെ ഇതിവൃത്തം. കൺസെപ്റ്റ് ഫോട്ടോഗ്രാഫർ അരുൺ രാജാണ് ഈ വൈറൽ ഫോട്ടോസ്റ്റോറി അണിയിച്ചൊരുക്കിയിരിക്കുന്നത്.
നമ്മളെ ആഴത്തിൽ ചിന്തിപ്പിക്കുന്നതും, ഭയപ്പെടുത്തുന്നതുമായ ഈ ഫോട്ടോസ്റ്റോറി സമൂഹത്തിലേക്ക് കോറിയിടുന്നത് ഒരുപറ്റം ചോദ്യങ്ങളാണ്. കഥയിലെ അപ്രതീക്ഷിത മാറ്റങ്ങളും, അഭിനേതാക്കളുടെ അസാമാന്യ പ്രകടനവുമാണ് ഫോട്ടോസ്റ്റോറിയെ ജനപ്രിയമാക്കിയത്. ഒറ്റദിവസത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ 10 ലക്ഷത്തിലധികം പേരാണ് സ്റ്റോറി കണ്ടത്. ശരണ്യ, അമൃത, ശരത്, കണ്ണകി, വാസുകി, അജാസ് എന്നിവരാണ് ഇതിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
പോസ്റ്റിന്‍റെ പൂര്‍ണരൂപം:
'' അവസാന നൂലിൽ തൂങ്ങിയാടുന്ന ജീവനുകളെ തുന്നിച്ചേർത്ത്, പുതിയൊരു ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്ന, നമ്മൾ ദൈവതുല്യരായി കരുതുന്നവർക്ക് ഇടയിൽ തന്നെ രക്തമൂറ്റി കുടിക്കാൻ തക്കം പാർത്ത ചെന്നായ്ക്കൾ ഉണ്ടെന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്.
പ്രതീക്ഷയോടെ മുന്നിൽ എത്തുന്നവരുടെ ജീവനും , അവരെ ചൂഷണം ചെയ്‌താൽ കയ്യിലെത്തുന്ന പണവും ഒരേ ത്രാസിന്റെ ഇരു തട്ടുകളിൽ വച്ച് തൂക്കി, പണത്തിന്റെ പിന്നാലെ പോകുന്നവർക്കും, മേലേ തട്ടിലുള്ളവർക്ക് രക്ഷകരായും, താഴേത്തട്ടിലുള്ളവർക്ക് കാലനായും ഒരേനേരത്ത് പരകായ പ്രവേശം ചെയ്യുന്നവർക്കും ഒരുനാൾ തിരിച്ചടിയുണ്ടാവും. ജീവനുകൾക്ക് പുല്ലുവില കല്പ്പിച്ചു പണത്തിനും പ്രതാപത്തിനും പിന്നാലെ പോകുന്ന എല്ലാ ചെന്നായ്ക്കൾക്കും ഞങ്ങളിത് സമർപ്പിക്കുന്നു...''