allu-complaint

‘പുഷ്പ 2; ദ് റൂള്‍’ എന്ന സിനിമ റിലീസായപ്പോള്‍ മുതല്‍ നടന്‍ അല്ലു അര്‍ജുനെതിരെ വിവാദങ്ങളുടെയും വിമര്‍ശനങ്ങളുടെയും പെരുമഴയാണ്. കേസും അറസ്റ്റും ചോദ്യം ചെയ്യലും ഒരുവഴിക്കുനീങ്ങുമ്പോള്‍ അല്ലുവിനെതിരെയുള്ള ആക്ഷേപങ്ങള്‍ മറുവശത്ത് കത്തിക്കയറുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സീനിന്‍റെ പേരില്‍ താരത്തിനും പുഷ്പ 2 സംവിധായകനും നിര്‍മാതാക്കള്‍ക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് തീന്‍മര്‍ മല്ലണ്ണ. 

ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസര്‍ നോക്കി നില്‍ക്കെ അല്ലു അര്‍ജുന്‍ സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിക്കുന്ന ഒരു സീനുണ്ട്. ഇതിനെതിരെയാണ് പരാതി. മര്യാദയില്ലാത്ത സീനാണിത്, ബഹുമാനം എന്നൊന്ന് ഇല്ലാത്തത്. നിയമപാലകരുടെ സ്വത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സീന്‍. ഇത് എങ്ങനെ അംഗീകരിക്കാനാകും എന്നാണ് കോണ്‍ഗ്രസ് നേതാവ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്‍റെ പേരില്‍ അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറിനും നിര്‍മാതാക്കള്‍ക്കുമെതിരെ കര്‍ശന നടപടി വേണമെന്നാണ് മല്ലണ്ണയുടെ ആവശ്യം.

ALSO READ; പുഷ്പ 2 റിലീസിനിടെ മരണം; രേവതിയുടെ കുടുംബത്തിനു 50ലക്ഷം നല്‍കി നിര്‍മാതാക്കള്‍

പുഷ്പ 2 റിലീസിനിടെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ മരിച്ച സംഭവം വലിയ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇവരുടെ ഒന്‍പത് വയസ്സുകാരനായ മകന്‍ മകന് മസ്തിഷ്ക മരണം സംഭവിച്ചു. നിലവില്‍ കുട്ടി ആശുപത്രിയിലാണ്. സംഭവത്തില്‍ അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു രാത്രി മുഴുവന്‍ അല്ലു ജയിലില്‍ കഴിഞ്ഞു. തെലങ്കാന ഹൈക്കോടതി താരത്തിന് നാലാഴ്ച ജാമ്യം നല്‍കിയിരിക്കുകയാണ്. അല്ലു അര്‍ജുനെതിരെയും സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും തിയറ്റര്‍ മാനേജ്മെന്റിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

അതിനിടെ മരണ വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ സിനിമ കാണുന്നത് തുടര്‍ന്നു എന്ന് വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങളും പ്രചരിച്ചു. ഇന്ന് വീണ്ടും താരത്തെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അതിന് മുന്‍പേ മരിച്ച സ്ത്രീയുടെ കുടുംബത്തിന് പുഷ്പ 2 നിര്‍മാതാക്കളായ മൈത്രിമൂവി മേക്കേഴ്സ് 50 ലക്ഷം രൂപ ധനസഹായം നല്‍കി. മരിച്ച രേവതിയുടെ ഭര്‍ത്താവ് ഭാസ്ക്കറിന്റെ കയ്യിലാണ് നിര്‍മാതാക്കള്‍ ചെക്ക് കൈമാറിയത്. നേരത്തേ നടന്‍ അല്ലു അര്‍ജുന്‍ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കിയിരുന്നു. കുടുംബത്തിനു ആവശ്യമുള്ള പിന്തുണ നല്‍കാന്‍ തയ്യാറാണെന്നും താരം വ്യക്തമാക്കി. സംവിധായകന്‍ സുകുമാറും ഭാര്യ തബിതയും ചേര്‍ന്ന് കുടുംബത്തിനു 5ലക്ഷം നല്‍കിയിരുന്നു. 

ENGLISH SUMMARY:

A complaint was registered against Telugu actor Allu Arjun and the producers and director of 'Pushpa 2: The Rule' in connection with a scene in the film. The complaint was filed by Congress leader and Telangana MLC Theenmar Mallanna demanding strict action against the film director Sukumar, actor Allu Arjun, and the production team. In his complaint, Theenmar Mallanna raised objections to a controversial scene in the recently-released second movie franchise in which the protagonist, played by Allu Arjun, is shown urinating in a swimming pool with a police officer present in it.