മോശമായ ആംഗിളുകളിൽ വിഡിയോ ചിത്രീകരിച്ച യൂട്യൂബ് ചാനലിനെതിരെ പ്രതികരണവുമായി നടി എസ്തർ അനിൽ. പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിക്കിടെയുള്ള ദൃശ്യങ്ങൾ പങ്കുവച്ച നീലകുയിൽ എന്‍റര്‍ടെയിൻമെന്‍റ് എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നടിയുടെ പ്രതികരണം. ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വിഡിയോയ്ക്ക് കീഴിലാണ് എസ്തർ അനിൽ കമന്‍റിട്ടത്.
ജയരാജ് സംവിധാനം ചെയ്ത ‘ശാന്തമീ രാത്രിയിൽ’ എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെ എസ്തർ അനിലും ചിത്രത്തിലെ നായകൻ കെ.ആർ ഗോകുലും സംസാരിക്കുന്നതാണ് വിഡിയോ. ഇതിനെ മോശമായ രീതിയിൽ ചിത്രീകരിച്ചെന്ന അർഥത്തിലാണ് എസ്തറിന്റെ കമന്റ്.
‘ഉഫ്, എവിടെ ക്യാമറ വെയ്ക്കണമെന്നും ഏതൊക്കെ ആംഗിളുകൾ ചിത്രീകരിക്കണമെന്നും പച്ചകുലിയിലിന് അറിയാം‘ എന്നായിരുന്നു എസ്തർ വിഡിയോയ്ക്ക് താഴെ എഴുതിയത്. ചിത്രത്തിലെ നായകൻ കെ.ആർ ഗോകുലിനെ ടാഗ് ചെയ്തായിരുന്നു എസ്തറിന്റെ കമന്‍റ്.
‘ഒരു കഥ പറയാൻ തീർത്തും അപ്രതീക്ഷിതമായ കാഴ്ചപ്പാടുകൾ കണ്ടുപിടിക്കുന്നതാണ് പച്ചക്കുയിലിന്‍റെ കലാവൈഭവം, മലയാള സിനിമയിലെ അടുത്ത വലിയ സംഭവമാണ് ഈ സഹോദരൻ‘ എന്ന് ഗോകുലും കമന്‍റിട്ടു.
വിഡിയോയ്ക്ക് താഴെ എസ്തർ അനിലിന്‍റെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള കമന്‍റുകളാണ് ഏറെയും. അതേസമയം മോശം ആങ്കിളിൽ നിന്നും വിഡിയോ ചിത്രീകരിച്ചതിനെ വിമർശിച്ചും പലരും കമന്‍റിട്ടിട്ടുണ്ട്.