മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രമാണ് ‘ബറോസ്’. ചിത്രം തിയറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ക്രിസ്മസ് ദിനത്തില്‍ തിയറ്ററിലെത്തുന്ന ചിത്രത്തിന്റ പ്രിവ്യൂ ഷോ ഇന്നലെ ചെന്നൈയില്‍ നടന്നു. പ്രിവ്യൂഷോയില്‍ നിന്നുള്ള പ്രതികരണങ്ങള്‍ പുറത്തുവരികയാണ്. വിജയ് സേതുപതി, മണിരത്നം, നടി രോഹിണി, പ്രണവ് മോഹന്‍ലാല്‍, വിസ്മയ മോഹന്‍ലാല്‍ എന്നിവരെല്ലാം പ്രിവ്യൂ കാണാനെത്തിയിരുന്നു.
ഒരു മഹാനടന്റെ സംവിധാനം എങ്ങനെയിരിക്കുമെന്ന് അറിയാനാണ് വന്നതെന്നും നിരാശരായില്ലെന്നും ഒരു പ്രേക്ഷകന്‍ പറയുന്നു, കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രമാണെങ്കിലും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ്. ത്രീ ഡി അതിഗംഭീരമായി, കാമറയും പാട്ടും സന്ദേശവും എല്ലാം ഒന്നിനൊന്ന് മെച്ചം, ഒരു ഹോളിവുഡ് ചിത്രം കണ്ടപോലൊരു പ്രതീതിയുണ്ടെന്നുമാണ് പ്രേക്ഷക കമന്റുകള്‍.
ത്രിഡി എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നും ഗംഭീര സിനിമയെന്നും വിജയ് സേതുപതി അഭിപ്രായപ്പെട്ടു. കുടുംബത്തോടൊപ്പമിരുന്ന് കാണാന്‍ പറ്റിയ ചിത്രമാണെന്നും സേതുപതി പറയുന്നു. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിച്ചത് . ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് ബറോസ് ഒരുക്കിയത്.