ബറോസ് തിയേറ്ററിലെത്തിയതിന് പിന്നാലെ മോഹന്‍ലാലിനെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായി നടന്‍ ഹരീഷ് പേരടി. അതെ അയാൾ ഒരു ക്ലാസ്സിക്ക് നടൻ മാത്രമല്ല...ഒരു ക്ലാസ്സിക്ക് സംവിധായകൻ കൂടിയാണ്...നിധികാക്കുന്ന ഭൂതം ലോക സിനിമക്കുസമ്മാനിക്കുന്നത്..മലയാളത്തിന്റെ നിധി.. ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
നാലര പതിറ്റാണ്ടായി ചലച്ചിത്ര കലയുടെ മുക്കും മൂലയും അരിച്ചുപെറുക്കിയ മനുഷ്യനാണ് ലാലേട്ടന്‍. ഏത് ഇരുട്ടിലും സിനിമയുടെ നെല്ലും പതിരും തിരിച്ചറിയുന്ന, സിനിമക്കുവേണ്ടി ഏതറ്റവരെയും പോരാടുന്ന അസ്സൽ തൊഴിലാളി. പ്രിയപ്പെട്ട ലാലേട്ടാ നിങ്ങൾ സംവിധായകനാവുന്നത് വ്യക്തിപരമായ ഒരു നേട്ടത്തിനുമല്ലെന്നും മറിച്ച് മലയാള സിനിമയെന്ന പ്രസ്ഥാനത്തെ കൂടുതൽ ശക്തിയോടെ നിലനിർത്താനുള്ള ഒരു പോരാട്ടമാണെന്നുമുള്ള പൂർണ്ണ ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബറോസ് കണ്ടപ്പോള്‍ തന്‍റെ കണ്ണുകള്‍ നിറഞ്ഞുപോയെന്ന് സംവിധായകൻ മേജർ രവി പ്രതികരിച്ചു. തിയേറ്റര്‍ സ്ക്രീനില്‍ ഡയറക്റ്റഡ് ബൈ മോഹൻലാൽ എന്നെഴുതിക്കാണിച്ചപ്പോൾ വികാരാധീനനായിപ്പോയെന്നാണ് മേജർ രവി വ്യക്തമാക്കിയത്. കഴിഞ്ഞ 47 വർഷമായി ലാലേട്ടനെന്ന നടനെ കാണുന്നുണ്ട്. എന്നെപ്പോലൊരു സംവിധായകൻ ഇപ്പോള്‍ ആലോചിക്കുന്നത് മറ്റൊരു കാര്യമാണ്, എന്‍റെ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഇത്രയും വലിയ കഴിവുകളുണ്ടായിട്ടും നമ്മുടെ ജോലിയിൽ ഒരു വട്ടം പോലും ലാലേട്ടന്‍ ഇടപെട്ടിട്ടില്ല. ഇത്രയും കഴിവുള്ള വ്യക്തി എനിക്ക് ആ സ്വാതന്ത്ര്യം തന്നിരുന്നുവെന്ന് ഓര്‍ക്കുമ്പോൾ കണ്ണ് നിറഞ്ഞുപോവുന്നു.
ഡയറക്റ്റഡ് ബൈ മോഹൻലാൽ എന്ന് എഴുതി കാണിച്ചപ്പോൾ ഞാന്‍ വികാരാധീനനായിപ്പോയി. ലാലേട്ടന്‍റെ ഈ സംരംഭത്തിൽ ഒരുപാടു സന്തോഷം. മമ്മൂക്കയും ലാലേട്ടനും നമ്മുടെ ഷോട്ടുകളിൽ അസ്വാഭാവികമായി ഇടപെടാറേയില്ല.'' മേജർ രവി പറഞ്ഞു.മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബാറോസ് ഇന്നാണ് റിലീസ് ചെയ്തത്. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ട ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാല്‍ തന്നെയാണ്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ബറോസ് നിർമ്മിച്ചത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡി യര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് ബറോസ് ഒരുക്കിയത്.