israeli-forces-kill

ഇസ്രയേല്‍ സൈന്യം ക്രിസ്മസ് തലേന്ന് നടത്തിയ ആക്രമണത്തില്‍ 8 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽക്കർ സിറ്റിക്ക് അടുത്തുള്ള അഭയാർഥി ക്യാംപിലാണ് ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ഖൗല അബ്ദോ എന്ന 53 വയസുള്ള സ്ത്രീയും, ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസാം ബ്രിഗേഡ്സിന്റെ അംഗങ്ങളും ഉള്‍പ്പെടുന്നു. മരണസംഖ്യ എട്ടായെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഡിസംബര്‍ 21ന് ഇസ്രയേല്‍ സൈന്യം ഗസയിലെ അഭയാര്‍ഥി ക്യാംപുകള്‍ കേന്ദ്രീകരിച്ചു നടത്തിയ ബോംബ് ആക്രമണത്തിലും 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. വടക്കൻ ഗസയിലെ ജബാലിയയിലും നുസുറത്തിലെ അഭയാര്‍ഥി ക്യാംപിലുമാണ് ഇസ്രയേല്‍ സൈന്യം അന്ന് ബോംബുവര്‍ഷം നടത്തിയത്. ജബാലിയയിലെ മരിച്ചവരില്‍ പത്തുപേര്‍ കുട്ടികളായിരുന്നു.

2023 ഒക്‌ടോബർ 7 ന് ‌ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണമാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. അതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ആക്രമണങ്ങളില്‍ നിരവധി പലസ്തീൻകാരും ഇസ്രയേലികളും വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 

അതിനിടെ യുഎന്‍ പലസ്തീന്‍ അഭയാര്‍ഥി സംഘടനായ UNRWAയുടെ പ്രവര്‍ത്തനം ഇസ്രയേല്‍ നിരോധിച്ചതോടെ, സ്വീഡന്‍ സഹായം നല്‍കുന്നത് നിര്‍ത്തിയിരുന്നു. യുഎന്‍ ഏജന്‍സിക്ക് ഹമാസ് ബന്ധമുണ്ടെന്നാരോപിച്ചാണ് ഇസ്രയേല്‍ വിലക്കേര്‍പ്പെടുത്തിയത്.

ENGLISH SUMMARY:

Israeli forces kill at least 8 in occupied West Bank raids, drone strikes